രചന : തെക്കേക്കര രമേഷ് ✍.
“ഹലോ………..”
തലയണയ്ക്കരികില്‍ കിടന്ന് അലച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ കയ്യിലെടുത്ത് അതിന്റെ പച്ചപ്പൊട്ട് വലിച്ചു നീട്ടി മോളിക്കുട്ടി ഒച്ചയിട്ടു.
“എടീ…മോളിക്കുട്ടീ, നീ കെടന്ന് ഒറങ്ങുവാണോ..? രാവിലെ ടൗൺ ഹാളിൽ പോകണ്ടേ…? നീ പറഞ്ഞ കാശ് ഞാന്‍ അവറാച്ചന്റെ അക്കൌണ്ടിലിട്ടിട്ടുണ്ടേ… “
അമേരിക്കയില്‍ നിന്ന് കെട്ടിയോന്‍ ഔസേപ്പിന്റെ പ്രണയം തുളുമ്പുന്ന ശബ്ദം കാതിലേക്ക് ഒഴുകിയിറങ്ങിയപ്പോള്‍ ഈ അന്‍പതാം വയസ്സിലും മോളിക്കുട്ടിയുടെ ദേഹം പെരുത്തുകയറി.
“ങാ…അവറാച്ചന്‍ ഇന്നലെ എന്നെ വിളിച്ച് പറഞ്ഞച്ചായാ…
ചില പത്രക്കാരെയും ചാനലുകാരെയും ഇന്നലെ അവന്‍ പോയി കണ്ടെന്നോ കൊടുക്കാനുള്ളത് കൊടുത്തെന്നോ ഒക്കെ എന്നോട് പറഞ്ഞാരുന്നു…”
“അവൻ ഒരു കാര്യം ഏറ്റാൽ പിന്നെ ഏറ്റതാ !”
“അതു പിന്നെ എൻ്റെ കൂടപ്പിറപ്പല്ലേ അച്ചായാ “”
“ശരിയെടീ….ഞാന്‍ നിര്‍ത്തുവാണേ…. രാവിലെ നിൻ്റെ ഒരുക്കങ്ങൾ നടക്കട്ടെ ! ബൈ..“
“ബൈ അച്ചായാ…ഉമ്മ..”
“ഉമ്മ…”
അന്‍പതും അന്‍പത്തഞ്ചും അങ്ങനെ ഉമ്മവച്ചു പിരിഞ്ഞു.
കെട്ട്യോളുടെ എന്താഗ്രഹവും സാധിച്ചു കൊടുക്കുക എന്നത് കെട്ടിയോനായ തന്റെ കടമയാണെന്ന് വിശ്വസിക്കുന്ന ഒരു ടിപ്പിക്കല്‍ ഭര്‍ത്താവാണ് കൊച്ചൌസേപ്പ്. അതുകൊണ്ടുതന്നെയാണ് ഒരു മടിയും കൂടാതെ രൂപാ പതിനഞ്ചു ലക്ഷം അളിയന്‍ അവറാച്ചന്റെ അക്കൌണ്ടിലേക്ക് ഇട്ടുകൊടുത്തത്.
ഇന്ന് ടൌണ്‍ ഹാളില്‍ മോളിക്കുട്ടി വരച്ച ഇരുപത് ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുകയാണ്.
മോളിക്കുട്ടി ചിത്രരചന പഠിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കും. ഇല്ല. പഠിച്ചിട്ടില്ലെന്നു മാത്രമല്ല പണ്ട് കുഞ്ഞുണ്ണി മാഷ് എഴുതിയപോലെ,
“വാലു വരച്ചൂ മേലോട്ട്
നാവു വരച്ചൂ താഴോട്ട്
മൂക്കൊരിത്തിരി കുറ്റിച്ചെവിയും
നായുടെ ചിത്രം നന്നായി!
മനസ്സിലങ്ങനെ വരച്ച ചിത്രം
സ്ലേറ്റിലേക്കു പകർന്നപ്പോൾ
ആയതു നായോ നരിയോ കരിയോ
പാമ്പോ ചേമ്പോ ചുണ്ണാമ്പോ?“
എന്ന അവസ്ഥയിലായിരുന്നു മോളിക്കുട്ടിയുടെ ബാല്യകാല ചിത്രരചനാനുഭവവും.
പക്ഷേ ഒരു ദിവസം ടെലിവിഷനില്‍ ഒരു കൊച്ചമ്മ താന്‍ വരച്ച ചിത്രങ്ങള്‍ക്കു മുന്നില്‍ നിന്ന് ആംഗലേയവും മലയാളവും വാല്ലാത്തൊരനുപാതത്തില്‍ മിക്സ് ചെയ്ത് സംസാരിക്കുന്നതു കണ്ടപ്പോള്‍ മോളിക്കുട്ടിയുടെ മനസ്സിലും ലഡു പൊട്ടി. ചുവരില്‍ നിരത്തി വച്ചിരിക്കുന്ന ക്യാന്‍വാസുകള്‍…തോന്നിയ പോലെ എന്തൊക്കെയോ കടും നിറങ്ങളില്‍ കള്ളികളും ത്രികോണങ്ങളും….. പിന്നെ ഒരു ചിത്രത്തില്‍ നാലു മുലയും രണ്ട് കണ്ണും മാന്തിപ്പറിച്ച രണ്ട് ചന്തികളും.
“ഇതെന്തൂട്ട് ചിത്രമാണീശോയേ…” മോളിക്കുട്ടി താടിക്കു കൈകൊടുത്തു. തോളില്‍ ഒരു സഞ്ചിയും താടിയില്‍ നാലഞ്ചു പൂടയും മുഷിഞ്ഞ ജുബ്ബയുമുള്ള ചിലര്‍ ആ ചിത്രങ്ങളിലെ ഒളിഞ്ഞിരിക്കുന്ന സ്ത്രീ വിഹ്വലതകളെപ്പറ്റി സംസാരിക്കുന്നു.
അന്നു തലയില്‍ കയറിയ ആശയാണ്…ഒരു ചിത്രകാരിയാവുക. പാട്ടുകാരിയാകാന്‍ പാട്ടു പഠിക്കണം. നര്‍ത്തകിയാവാന്‍ നൃത്തം പഠിക്കണം. കവിതയോ കഥയോ എഴുതി പ്രശസ്തയാകാന്‍, അക്ഷരമറിയണം ,ഭാവന വേണം… ഒന്നും പഠിക്കാതെ കലാകാരിയാകാന്‍ കുറുക്കുവഴി ഇതാ മുന്നില്‍….ചിത്രകാരിയാവുക…. കെട്ടിയോനോട് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനം.
പിന്നെ വൈകിയില്ല. ആങ്ങള അവറാച്ചനെ വിളിച്ചു. അവന്‍ ക്യാന്‍വാസ്, പെയിന്റ്, ബ്രഷ് ,നൈഫ്….ഒക്കെ കൊണ്ടുവന്നു കൊടുത്തു.
ട്രൈപ്പോഡില്‍ വച്ച ക്യാന്‍വാസ് നോക്കി മോളിക്കുട്ടി കുറച്ചു നേരം നിന്നു.. തല വരയ്ക്കണോ മുല വരയ്ക്കണോ..? താന്‍ തല വരച്ചാല്‍ അത് മുലയും മുല വരച്ചാല്‍ അത് തലയുമാകുമെന്നറിയാവുന്നതുകൊണ്ട് മോളിക്കുട്ടി അത്തരം സാഹസത്തിനൊന്നും ഒരുമ്പെട്ടില്ല.
പാലറ്റിലേക്ക് ചായം പീച്ചിയിറക്കി. ഓയിലുമായി കുഴച്ചു. വേവിച്ച ചക്കയും കപ്പയുമൊക്കെ കുഴച്ച് മുന്‍ പരിചയമുള്ളതുകൊണ്ട് അതു വലിയ പ്രയാസമുള്ളതായി തോന്നിയില്ല. ഒരിഞ്ച് ബ്രഷ് കയ്യിലെടുത്ത് ചായത്തില്‍ മുക്കി ക്യാന്‍വാസില്‍ ,ചൂലുകൊണ്ട് മുറ്റമടിക്കുന്നതുപോലെ തേയ്ക്കാന്‍ തുടങ്ങി.
ചുവപ്പും പച്ചയും മഞ്ഞയും ഒക്കെ പരസ്പര ബന്ധമില്ലാതെ നിരന്നു….
പാലറ്റ് നൈഫ് കയ്യിലെടുത്തു തിരിച്ചും മറിച്ചും ഒന്നു നോക്കി. കൊള്ളാം കെട്ടിടം പണിക്കാരുടെ കയ്യിലെ തേപ്പുകരണ്ടി പോലെയുണ്ടല്ലോ… കരണ്ടിയില്‍ചാന്ത് കോരിയെടുക്കുന്നതുപോലെ നൈഫില്‍ ചായം തോണ്ടിയെടുത്ത് ക്യാന്‍വാസില്‍ തേച്ചു പിടിപ്പിച്ചു.
അങ്ങനെ ഒരാഴചകൊണ്ട് ഇരുപതു ചിത്രങ്ങളുടെ പണി പൂര്‍ത്തിയായി.പക്ഷേ അതിലും കടുപ്പമുള്ള പണി ഇതിനൊക്കെ ഓരോ പേരിടുക എന്നതായിരുന്നു.
ഒടുവില്‍ അശാന്തിയുടെ വേദന….സ്ത്രീത്വത്തിന്റെ വിഹ്വലതകള്‍…രജസ്വല…..പിഴച്ചവള്‍…നീളുന്ന നഖങ്ങള്‍.. അങ്ങനെ ചില വാക്കുകള്‍ പേരുകളായി തെരഞ്ഞെടുത്തു.(പരമാവധി സ്ത്രീത്വം, സ്ത്രീ പീഡനം , ഇവയുമായി ബന്ധപ്പെട്ട പേരുകൾ തന്നെ വേണം. ഇതിനൊക്കെയാണിപ്പോള്‍ മാര്‍ക്കറ്റെന്ന് മോളിക്കുട്ടിക്ക് നന്നായറിയാം.)
ഒടുവിൽ ഇന്ന് മോളിക്കുട്ടിയുടെ ചിത്രപ്രദര്‍ശനം സ്ഥലം എം.എല്‍.എ ടൌണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയാണ്.
തലേ രാത്രിയിലെ കള്ളിന്റെയും കാശിന്റെയും നന്ദി വാര്‍ത്തകളായും ചിത്രങ്ങളായും മീഡിയാകളില്‍ നിറയും.
മോളിക്കുട്ടി കേരളത്തിന്റെ കലാ രംഗത്തേക്ക് ഒരു ശുക്രനക്ഷത്രമായി ഉയരും…
അയ്യോ…സമയം പോയി… ടൌണ്‍ ഹാളില്‍ സമയത്തിനെത്തിയില്ലെങ്കില്‍…
അപ്പോള്‍ ഗുഡ് ബൈ.
