രചന : കാവല്ലൂർ മുരളീധരൻ✍
റിയാദ് എയർപോർട്ടിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനം കാത്തിരിക്കുകയാണ് അയാൾ. പതിവുപോലെ നല്ല തിരക്കുണ്ട്. ശ്രീലങ്ക എന്ന ഒരു കൊച്ചു രാജ്യം, വലിയ വിമാനത്തിൽ അയൽരാജ്യങ്ങളിലെ യാത്രക്കാരെയൊക്കെ കൊളോമ്പോയിൽ ഇറക്കി, ചെറിയ വിമാനങ്ങളിൽ അവരവരുടെ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ എത്തിക്കുന്നു. ഇന്ത്യ എന്ന വലിയ രാജ്യത്തിലെ ലോകത്തിലെ നാലാമത്തെ വലിയ വിമാനക്കമ്പനിവരെയുള്ളവർക്ക് ഇത് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നയാൾ എപ്പോഴും സ്വയം ചോദിക്കാറുണ്ട്. നീണ്ട വിമാനയാത്രക്കായി യാത്രക്കാരന്റെ ഒരു ദിവസം കളയാതെ രാത്രിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ വിമാനം വളരെ സൗകര്യപ്രദമാണ്. എയർ ഇന്ത്യയൊക്കെ ഇതൊക്കെ എന്നാണാവോ പഠിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
അന്നത്തെ ജോലികഴിഞ്ഞു, രാത്രി പത്ത് ഇരുപതിന് തിരിക്കുന്ന വിമാനം, ചെറിയ ഒരു രാത്രി ഉറക്കത്തോടെ കൊളോമ്പോയിൽ അതിരാവിലെ സൂര്യോദയത്തോടൊപ്പം എത്തിച്ചേരുന്നു. കടലിലും കരയിലുമായി പൊട്ടിവിടരുന്ന ആ പ്രഭാതം കാണുവാൻ വേണ്ടിമാത്രം അയാൾ വിമാനത്തിന്റെ ഇടതുവശത്തെ ജനാലസീറ്റ് എപ്പോഴും ഉറപ്പിച്ചിരിക്കും. കടലിനോട് ചേർന്നുള്ള വിമാനത്താവളമായതിനാൽ നാം കടലിലേക്കാണോ ഇറങ്ങുന്നത് എന്ന് തോന്നും. കേരളത്തിന്റേതായ ഹരിതാഭ നിറഞ്ഞ ശ്രീലങ്കൻ കടൽത്തീരങ്ങൾ മനോഹരങ്ങളാണ്. ഏതാണ്ട് ഒന്നരമണിക്കൂറിനകം കൊച്ചിയിലേക്കുള്ള യാത്ര തുടങ്ങും, ഒമ്പതോടെ കൊച്ചിയിലിറങ്ങാം.
വിമാനങ്ങൾ ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും കണ്ണുകൾ നിറക്കുന്ന കാഴ്ചകൾ എന്നും മനസ്സിന് ഒരു ഉത്സവമാണ്. ആ ചിത്രങ്ങൾ അയാൾ എപ്പോഴും ഫോണിൽ പകർത്തുകയും ചെയ്യും.
“ഈ ബാഗ് ആരുടേതാണ്” എന്ന ചോദ്യമാണ് അയാളെ ഉണർത്തിയത്. “എന്റെയാണ്” അയാൾ പറഞ്ഞു. “ഇപ്പുറത്തേക്ക് മാറ്റിവെയ്ക്കുന്നുണ്ട്, മറ്റൊരാളുടെ വലിയ ബാഗ് വെയ്ക്കാനാണ്” എയർഹോസ്റ്റസ് പറഞ്ഞു.
അത് പറഞ്ഞു അവർ ബാഗ് മാറ്റിവെച്ചു. അയാൾ അവർക്ക് നന്ദി പറഞ്ഞു.
ആ ഭാഗത്തെ ഏറ്റവും മുമ്പിലുള്ള സീറ്റിൽ ആയതിനാൽ, അയാൾക്ക് എതിരെയാണ് എയർഹോസ്റ്റസ് ഇരിക്കുക. വിമാനം കൃത്യസമയത്തിനുതന്നെ പറന്നുയർന്നു. അയാൾ റിയാദ് എന്ന മഹാനഗരത്തിന്റെ വെളിച്ചവിന്യാസങ്ങൾ ആകാശക്കാഴ്ചകൾ ഫോണിൽ പകർത്തി.
അയാളുടെ എതിരെ വന്നിരുന്നപ്പോൾ എയർ ഹോസ്റ്റസ് അയാളെ നോക്കി ചിരിച്ചു. അയാളും അവരോട് ചിരിച്ചു. അയാളുടെ തൊട്ടടുത്ത സീറ്റിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല.
ഭക്ഷണമൊക്കെ കഴിഞ്ഞു അയാൾ ഒരു ഡ്രിങ്ക് കൂടി ചോദിച്ചു. അവർ രണ്ടു ഡ്രിങ്ക് അയാൾക്ക് കൊണ്ട് കൊടുത്തു. നന്ദിസൂചകമായി അയാൾ നന്നായി ചിരിച്ചു, അതിനായി അവർ മറുപടി പറഞ്ഞു, “നിങ്ങൾക്കായി പ്രത്യേകം എടുത്തതാണ്”. ഒന്നുകൂടി നന്നായി ചിരിച്ചു അയാൾ നന്ദി കണ്ണുകളിലൂടെ പ്രകാശിപ്പിച്ചു പറഞ്ഞു, “കുറച്ചു നന്നായി ഉറങ്ങണം, അതാണ് ചോദിച്ചത്”. “എനിക്കതു മനസ്സിലാകും” അവർ പറഞ്ഞു.
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വളരെ വേഗത്തിൽ അവർ പാത്രങ്ങളും ഗ്ലാസുകളും ശേഖരിച്ചു, എല്ലാവരോടും ജനലിലെ കവർ അടക്കാൻ പറഞ്ഞു, വെളിച്ചങ്ങൾ കെടുത്തി. ഇനി യാത്രക്കാർക്ക് ഉറങ്ങാനുള്ള സമയമാണ്.
അയാൾക്ക് എതിരെ അവർ വന്നിരുന്നു. എന്തൊകൊണ്ടോ അയാൾക്ക് ഉറക്കം വന്നില്ല.
“നിങ്ങൾ എവിടേക്കാണ് പോകുന്നത്” അവർ ചോദിച്ചു. “കൊച്ചിയിലേക്ക്” അയാൾ പറഞ്ഞു.
“അവിടെനിന്ന് ഇഡലി, ദോശ, സാംബാർ ഒരുപാടു കഴിച്ചിട്ടുണ്ട്, വളരെ സ്വാദുള്ളത്” അവർ പറഞ്ഞു. “ആഴ്ചയിൽ ഒരിക്കൽ എനിക്ക് കൊച്ചി ഡ്യൂട്ടി കിട്ടാറുണ്ട്, ചിലപ്പോൾ അവിടെ താമസിക്കാനും അവസരം കിട്ടാറുണ്ട്”.
“സന്തോഷം” അയാൾ പറഞ്ഞു. “നിങ്ങൾ കേരളം കണ്ടിട്ടുണ്ടോ? മൂന്നാർ, അതിരപ്പിള്ളി വെള്ളച്ചാട്ടം അതൊക്കെ”
“ഇല്ല, ഇതുവരെ കഴിഞ്ഞില്ല, തീർച്ചയായും കാണണം”. അവർ പറഞ്ഞു.
അതിനിടയിൽ ആരോ എന്തിനോ ആയി നീലവെളിച്ചമമർത്തി. അവർ വേഗം ആ യാത്രക്കാരന്റെ ആവശ്യം അന്വേഷിക്കാൻ പോയി.
തിരിച്ചു വരുമ്പോൾ, അവരുടെ കൈയ്യിൽ ഒരു ഡ്രിങ്ക് കൂടി ഉണ്ടായിരുന്നു. അതയാൾക്കു കൊടുത്ത് അവർ അയാളുടെ തൊട്ടരികിലെ സീറ്റിൽ ഇരുന്നു.
“ആ യാത്രക്കാരന് ഒരു ഡ്രിങ്ക് വേണമായിരുന്നു, അപ്പോൾ ഒന്ന് നിങ്ങൾക്ക്കൂടി എടുത്തു, വേഗം ഉറങ്ങാൻ കഴിയട്ടെ” അവർ പറഞ്ഞു.
“നിങ്ങൾ ശ്രീലങ്ക കണ്ടിട്ടുണ്ടോ” അവർ ചോദിച്ചു.
“ഇല്ല, കാണണം, ഒരിക്കൽ ഞാൻ തീർച്ചയായും ശ്രീലങ്ക കാണാൻ വരും” അയാൾ പറഞ്ഞു.
” എന്റെ നമ്പർ തരാം, വരുന്നതിന് മുമ്പേ വിളിക്കണം, അപ്പോൾ എന്റെ ഡ്യൂട്ടി മാറ്റിയെടുക്കാനാകും, മാത്രമല്ല എന്റെ വീട്ടിൽ താമസിക്കുകയും ചെയ്യാം. ഞങ്ങൾക്ക് ഒരു ഔട്ട്ഹൌസ് ഉണ്ട്. കൂടാതെ അച്ഛന് ടൂറിസത്തിന്റെ ബിസിനസ്സും, ഞങ്ങളുടെ വണ്ടിയിൽത്തന്നെ ശ്രീലങ്ക ചുറ്റിക്കാണം”. അവർ പറഞ്ഞു.
സോറി, ഞാൻ പേര് ചോദിച്ചില്ല, അയാൾ പറഞ്ഞു.
“ഉമേഷ്‌ക്ക ലിയാനാഗെ” അവർ പറഞ്ഞു.
അയാൾ അവരുടെ പേര് ഫോണിൽ ഓർമ്മിക്കാൻ എഴുതി, പേര് തെറ്റായി ആണ് എഴുതുന്നത് എന്ന് കണ്ടപ്പോൾ അവർ അയാളുടെ ഫോൺ വാങ്ങി അതിൽ പേരും, ഒപ്പം ഫോൺ നമ്പറും ചേർത്തു. “ഈ നമ്പറിൽ ഒരു മിസ് കാൾ തരണം , നിങ്ങളുടെ പേര് എനിക്കറിയാം, മുഴുവൻ പേരും മാനിഫെസ്റ്റിൽ ഉണ്ട്. നിങ്ങളുടെ നീണ്ട പേര് എനിക്ക് വലിയ ഇഷ്ടമായി”.
ഫോൺ തിരിച്ചു കൊടുത്തപ്പോൾ അവർ അവരുടെ കൈത്തലം അയാളുടെ കൈത്തലത്തോട് ചേർത്തുവെച്ചു. “നിങ്ങളുടെ നാട്ടിൽ നിന്ന് എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഞാൻ ലണ്ടനിൽ പഠിക്കുമ്പോൾ, നിങ്ങളുടെ നാട്ടുകാരൻ, വളരെ അടുത്ത സുഹൃത്തായിരുന്നു. കൂടുതൽ അത്ഭുതം എന്താണെന്നു വെച്ചാൽ, അയാൾക്ക് നിങ്ങളുടെതന്നെ പേരായിരുന്നു. നാട്ടിൽപോയി തിരിച്ചുവന്നു എന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നു, നാട്ടിൽ പോയ ആൾ പിന്നെ തിരിച്ചു വന്നില്ല, പെട്ടെന്ന് മാനിഫെസ്റ്റിൽ നിങ്ങളുടെ പേര് കണ്ടപ്പോൾ പഴയതൊക്കെ ഓർത്തുപോയി” കണ്ണുകൾ തുടച്ചുകൊണ്ട് അവർ പറഞ്ഞു.
അയാൾ പെട്ടെന്ന് അവരുടെ കൈത്തലം രണ്ടു കൈത്തലങ്ങളുംകൊണ്ട് ചേർത്തു പിടിച്ചു.
“കൊച്ചിയിൽ വരുമ്പോൾ വിളിക്കണം, നമുക്കൊരുമിച്ചു തിരയാം” അയാൾ പറഞ്ഞു.
“കുറെ വർഷങ്ങളായി, ഇനി തിരഞ്ഞാലും, ചിലപ്പോൾ അയാൾക്കൊപ്പം മറ്റാരെങ്കിലും കാണും” അവർ പറഞ്ഞു.
“എങ്കിലും നമുക്ക് ശ്രമിക്കാം, ഒപ്പം നിങ്ങൾക്ക് കാണാൻ ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ പോകാം” അയാൾ പറഞ്ഞു.
“തീർച്ചയായും ഞാൻ വിളിക്കും” അവർ പറഞ്ഞു. “എന്തോ നിങ്ങളുടെ പേര് വായിച്ചപ്പോൾതന്നെ നിങ്ങളെ എനിക്ക് പലവർങ്ങളായി അറിയാം എന്നെന്റെ മനസ്സ് പറഞ്ഞു, അതാണ് തൊട്ടടുത്തിരുന്നത്, ഇവിടെ ഇരിക്കാൻ പാടില്ലാത്തതാണ്”. അവർ പറഞ്ഞു.
പെട്ടെന്ന് അവരുടെ സീറ്റിലെ ഫോൺ അടിച്ചു. അവർ ഫോണെടുത്തു, ഞാൻ അങ്ങോട്ട് വരാം എന്ന് പറയുന്നത് കേട്ടു.
“വിമാനത്തിന് പിറകിൽ ഒന്നിച്ചിരിക്കാമെന്നു പറഞ്ഞു കൂട്ടുകാരി വിളിക്കുന്നു. ഞാൻ അങ്ങോട്ട് പോകട്ടെ, നിങ്ങൾ നന്നായി ഉറങ്ങൂ”, അത് പറഞ്ഞു അവർ പിറകിലേക്ക് പോയി.
വിമാനത്തിന് പുറത്തേക്ക്, ഇരുട്ടിലേക്ക് നോക്കിയിരുന്ന അയാൾ എപ്പോഴോ ഉറങ്ങിപ്പോയി.
“നമ്മൾ കൊളോമ്പോയിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്, എല്ലാവരും സീറ്റ് ബെൽറ്റുകൾ ധരിക്കണം” എന്ന ക്യാപ്റ്റന്റെ പ്രഖ്യാപനം വന്നു.
അയാൾ സീറ്റ് ബെൽറ്റ് ധരിച്ചു, ചക്രവാളത്തിൽ സൂര്യൻ ഉദിച്ചുയരുന്ന സ്വർണ്ണവർണ്ണങ്ങൾ. അയാൾ ഫോണെടുത്ത് വീഡിയോയിൽ അത് പകർത്താൻ തുടങ്ങി. അതിമനോഹരങ്ങളായ ആ കാഴ്ച, ആകാശത്തിൽ സൂര്യകിരണങ്ങൾ, അതിന്റെ പ്രതിഫലനങ്ങൾ നിറഞ്ഞ കടൽ താഴെ. അയാൾ ജനലിലൂടെ വിഡിയോകൾ എടുത്തുകൊണ്ടേയിരുന്നു.
പെട്ടെന്നാണ് ഉമേഷ്‌ക്ക വന്നു അയാളുടെ സീറ്റിന്റെ ബട്ടൺ അമർത്തി, ചാരിയിരുന്ന ഭാഗം നേരെയാക്കി പറഞ്ഞു, “ഇറങ്ങാറായി, ഒപ്പം പിരിയാറായി” രണ്ടാമത്തെ വാക്ക് പറഞ്ഞപ്പോൾ അവരുടെ തൊണ്ടയിടറിയപോലെ തോന്നി.
യാത്രക്കാരെയെല്ലാം ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി തിരിച്ചുവന്നു അവർ എതിരെയിരുന്നു. അവരുടെ മുഖം പ്രകാശം നിറഞ്ഞതായിരുന്നു. അവരുടെ പുഞ്ചിരി പുറത്തെ സൂര്യോദയത്തിന് തുല്യമായിരുന്നു.
കടലിൽ നിന്ന് റൺവേയിലേക്ക് വിമാനം താഴ്ന്നിറങ്ങുന്നു. അതിനിടയിൽ അയാൾ അവരുടെ പുഞ്ചിരിക്കുന്ന മുഖം ഫോണിൽ പകർത്തി. അവർ ഒന്നുകൂടി നന്നായി ചിരിച്ചു, അയാൾ ആ ചിരിയും പകർത്തി.
കൊളംബോ വിമാനത്താവളത്തിൽ വിമാനം നിന്നു. “ആയുഭവാൻ, എന്ന് തുടങ്ങുന്ന നന്ദി പറയുന്ന വാക്കുകൾ വിമാനത്തിൽ മുഴങ്ങി, അവർ അവസാനം പറയുന്ന വാക്ക് അയാൾക്ക് വളരെ ഇഷ്ടമാണ്, സ്തുതി (നന്ദി).
ഉമേഷ്‌ക്ക എഴുന്നേറ്റ്നിന്ന് യാത്രക്കാർക്ക് നേരെ കൈകൂപ്പി ചിരിച്ചു കൊണ്ട് നിന്നു. അയാൾ ബാഗെടുത്ത് മുന്നോട്ടു നടന്നപ്പോൾ, അവർ അയാളെനോക്കി ഒന്നുകൂടി പ്രകാശമാനമായി ചിരിച്ചു.
അവർ കേൾക്കെ മാത്രം അയാൾ പറഞ്ഞു. “സ്തുതി”.
