രചന : ഡോ. ബിജു കൈപ്പാറേടൻ ✍
ഈ കഥയിലെ സാങ്കൽപ്പിക കഥാപാത്രമായ ജോസുകുട്ടിപ്പണിക്കൻ ശവപ്പെട്ടി ഉണ്ടാക്കുന്ന ഒരു തച്ചനായിരുന്നു.
പണിക്കന്റെ മക്കളൊക്കെ മുതിർന്നു സ്വന്തം കാലിൽ നിൽക്കാറായി. മൂത്ത മകൾ സാലിക്കുട്ടി രണ്ടാമതു പ്രസവിച്ചിട്ട് ഇന്നേക്കു ദിവസം നാലായതേയുള്ളു. നാളെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജായാൽ അവളെ പ്രസവരക്ഷക്ക് നേരെ കൊണ്ടുവരുന്നത് ഈ വീട്ടിലേക്കാണ്. ആ ഒരു ജോലികൂടി തീർത്താൽ അവളുടെ പേർക്കുള്ള തന്റെ ഉത്തരവാദിത്തം ഒട്ടൊന്ന് കഴിയുമല്ലോയെന്ന ചിന്തയിലാണ് പണിക്കൻ.
മക്കളെല്ലാം വലുതായി. മുതിർന്നവർ ഓരോരുത്തരായി ഒരോരോ വഴിക്കു പോയി തുടങ്ങി. അപ്പോൾ മുതലാണ് പണിക്കൻ നസ്രായനായ യൗസേഫിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. വയസ്സനായ യൗസേഫും തൊഴിൽകൊണ്ട് തന്നേപ്പോലൊരു തച്ചനായിരുന്നല്ലോ.
അല്ലങ്കിലും അപ്പൻ എന്ന സങ്കൽപ്പത്തെ ഏറ്റവും യാഥാർഥ്യ ബോധത്തോടെ വിശുദ്ധഗ്രന്ഥത്തിൽ കോറിയിട്ടിരിക്കുന്നത് നസ്രത്തിലെ യൗസേഫിന്റെ കാര്യത്തിലാണെന്ന് മുമ്പു പലപ്പോഴും അയാൾക്ക് തോന്നിയിട്ടുണ്ട്. ശരിക്കും ഒരു സിനിമയാക്കാനുള്ള കഥയുണ്ട് യൗസേഫിനെന്നാണ് പണിക്കന്റെ പക്ഷം.
താനറിയാതെ ഗർഭംധരിച്ച നിറവയറുള്ള ഭാര്യയേയും കൊണ്ട് കനേഷുമാരിക്കണക്കു ബുക്കിൽ പേരു ചേർക്കാൻപോയ യൗസേഫിന്റെ കഥ കുഞ്ഞുനാളിൽ ആദ്യകുർബ്ബാനക്കു തയ്യാറെടുക്കുമ്പോൾത്തന്നെ കന്യാസ്ത്രീമാരിൽ നിന്ന് പണിക്കൻ കേട്ടിരുന്നു. അന്നുമുതൽ അയാൾക്ക് യൗസേഫിനെ ഇഷ്ടമായിരുന്നു.
മരം കോച്ചുന്ന ഡിസംബറിലെ കൊടുംതണുപ്പിൽ പ്രസവ വേദനയെടുത്തു പിടയുന്ന ഭാര്യയെ നെഞ്ചോട് ചേർത്തു പിടിച്ച് കുറ്റാക്കുറ്റിരുട്ടത്ത് യൗസേഫ് വീടുവീടാന്തരം കയറിയിറങ്ങി അഭയം ചോദിച്ചു.
അന്നാണെങ്കിലും ഇന്നാണെങ്കിലും രാത്രിവൈകി സഹായം ചോദിച്ചുവരുന്ന അപരിചിതരെ വീട്ടിലുള്ളവർ ഒഴിവാക്കി വിട്ടില്ലങ്കിലല്ലേ അത്ഭുതമുള്ളു. ബേദ്ലഹേമിലും അതുതന്നെ സംഭവിച്ചു.
ഒടുവിൽ പഴയൊരു കാലിത്തൊഴുത്തിലാണ് യൗസേഫ് തന്റെ ഭാര്യക്ക് അഭയം കണ്ടെത്തിയത് . അവിടെ അയാൾ അവൾക്കു പ്രസവിക്കാൻ ഒരു പുൽമെത്തയുണ്ടാക്കി അവളെ അതിൽ കിടത്തി. അവിടെവെച്ച് അവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഭയാനകമായ ആ രാത്രിയിൽ അയാൾ തനിച്ച് അവൾക്കു പ്രസവ ശുശ്രൂഷ നൽകി.
അവളുടെ രക്തസ്രാവം നിർത്താൻ ആ തണുപ്പത്ത് അയാൾ തന്റെ മേൽവസ്ത്രം ഊരി അവൾക്കു നൽകി. അമ്മക്കും കുഞ്ഞിനും കാവലിരുന്ന് ആ രാത്രി മുഴുവൻ അയാൾ അവരെ പരിചരിച്ചു.
അതുകൊണ്ടും തീർന്നില്ല. യഹൂദരുടെ രാജാവാകാൻ പോകുന്ന ഒരു അത്ഭുത ശിശു പിറന്നതറിഞ്ഞ ഹേറോദേസ് ചക്രവർത്തി ആ ശിശുവിനെ കൊന്നുകളയാൻ ഉത്തരവിട്ടു. അപകടം മനസ്സിലാക്കിയ യൗസേഫ് രാജഭടന്മാരിൽ നിന്ന് അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാൻ അവരെ ഒരു കഴുതപ്പുറത്തു കയറ്റിയിരുത്തി ഈജിപ്തിലേക്ക് പാലായനം ചെയ്തു.
നീണ്ട യാത്രയുടെ കഷ്ടപ്പാടുകൾ… ദുരിതങ്ങൾ… രാജ്യത്തിന്റെ അതിർത്തി കടക്കാനുള്ള കണ്ണെത്താ മരുഭൂമിയത്രയും താണ്ടാൻ, രാവും പകലും ആ പാവം മനുഷ്യൻ തന്റെ കഴുതക്കൊപ്പം അവരെയും കൊണ്ട് നടക്കുകയായിരുന്നില്ല, നിർത്താതെ ഓടുകയായിരുന്നു.
ഒരു കണക്കിന് തച്ചനെപ്പോലെ താനും വലിച്ചെറിയപ്പെട്ടൊരു ജൻമമാണെന്ന് പണിക്കനു പലപ്പോഴും തോന്നിയിട്ടുണ്ട്.
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വിസ്മരിക്കപ്പെട്ടുപോയ യൗസേഫ് പിന്നീട് കഥയുടെ അവസാനംവരെ തന്നേപ്പോലെ നിശ്ശബ്ദനായിരുന്നുവെന്ന് അയാളോർത്തു. ലോകം കീഴടക്കിയ മകന്റെ ജീവിതത്തിലൊരിടത്തും യൗസേഫിനെ പിന്നീടാരും കണ്ടിട്ടില്ല.
പണിക്കൻ ഒരു തെറുപ്പു ബീഡിയെടുത്തു ചുണ്ടിൽ വെച്ചുകത്തിച്ചു. ഇന്നുകൂടി മാത്രമേ ബീഡിവലിക്കാൻ പറ്റൂ. നാളെ മുതൽ ബീഡി വലിച്ചാൽ പെരയ്ക്കുള്ളിൽ കേറിയേക്കരുതെന്ന് സാലിക്കുട്ടി നേരത്തേ വിളിച്ചു പറഞ്ഞിട്ടുണ്ട്. കുഞ്ഞിനു ദോഷമാണത്രെ!
പണിക്കന്റെ മക്കൾക്ക് അയാളുടെ അരികിൽ വന്നിരുന്നു മനസ്സു തുറന്നു സംസാരിക്കാൻ പണ്ടേ മടിയായിരുന്നു . വീട്ടിൽ തൻ്റെ പരുക്കൻ ശബ്ദം ഉയർന്നു കേൾക്കുന്നത് അവർക്കിഷ്ടമല്ല. തന്റെ കാഴ്ചപ്പാടുകൾ പിന്തിരിപ്പനാണെന്നാണ് മക്കളുടെയും വന്നുവന്നിപ്പം കുഞ്ഞുമേരിയുടെ പക്ഷം. മുമ്പൊന്നും കുഞ്ഞുമേരി ഇങ്ങനെ അല്ലായിരുന്നുവെന്ന് പലപ്പോഴും അയാളോർക്കാറുണ്ട്. ഈയിടെയായി അവൾ ഏറെ മാറിയിരിക്കുന്നു.
വീട്ടു നടത്തിപ്പിൽ പണിക്കൻ നിർബന്ധംപിടിച്ചു കാര്യങ്ങൾ പറയുമ്പോൾ അയാൾ ദുർവാശി കാണിക്കുകയാണെന്നാണ് വീട്ടിലുള്ളവർ പറയുന്നത്. മക്കളുടെ തമാശകളിൽ തന്റെ സാന്നിധ്യം അവർക്ക് ആരോചകമാവാറുണ്ടെന്ന് പണിക്കനറിയാം. താൻ കടന്നു ചെല്ലുമ്പോൾ അവരുടെ പൊട്ടിച്ചിരികൾ നിലയ്ക്കും. അവ പിന്നെ അടക്കം പറച്ചിലുകളാവും.
ആ കാലാവസ്ഥാ വ്യതിയാനത്തിനു മുന്നിൽ തെല്ലും അസ്വസ്ഥത ഭാവിക്കാതെ പണിക്കൻ പിൻവാങ്ങി, തെറുപ്പു ബീഡിയുമായി തിണ്ണയിലെ അരമതിലിൽ അഭയം തേടും. അതാണ് പതിവ്.
തന്റെ ഉപദേശവും ഇടപെടലുകളുമൊന്നും മക്കൾക്കിഷ്ടമല്ല. കുഞ്ഞുമേരി അത് ഇടയ്ക്കിടക്ക് അയാളെ ഓർമ്മിപ്പിച്ചുകൊണ്ടുമിരിക്കും. അങ്ങനെയങ്ങനെ എന്തിനുമേതിനും പണിക്കൻ വീട്ടിൽ നേരിടുന്നത് കുറേ ഇഷ്ടമില്ലായ്മകളായിരുന്നു. മക്കൾക്ക് ഒഴിയാബാധ പോലെ താനൊനൊരു ബാദ്ധ്യതയായിരിക്കുകയാണെന്ന് പണിക്കനു ബോദ്ധ്യപ്പെട്ടു തുടങ്ങിയിടത്താണ് അയാൾ നസ്രത്തിലെ യൗസേഫിനെ അറിയാനാരംഭിച്ചത്.
ചെറുപ്പത്തിൽ സ്വന്തമായുണ്ടായിരുന്ന ഒരുപാട് ഇഷ്ടങ്ങൾ വേണ്ടെന്നു വെച്ചിട്ടാണ് പണിക്കൻ കുഞ്ഞുമേരിയെ കെട്ടി ജീവിതമാരംഭിച്ചത്. അതിനായി തന്റെ സ്വകാര്യ സന്തോഷങ്ങളൊക്കയും അയാൾ വേണ്ടെന്നു വെച്ചു. കൂട്ടുകൂടി സന്തോഷിക്കാനും ആഘോഷിക്കാനും കിട്ടിയ എത്രയെത്ര അവസരങ്ങളാണ് കുഞ്ഞുമേരിയെ പ്രതി അയാൾ ഒഴിവാക്കിയത്..!
ഒരു നല്ല ഷർട്ടോ മുണ്ടോ പോലും കുഞ്ഞുമേരി വാങ്ങിക്കൊടുത്തതല്ലാതെ ഇന്നുവരെ അയാൾ ഇട്ടിട്ടില്ല. ഏതു പണിത്തിരക്കിലും സന്ധ്യക്കുമുമ്പേ അയാൾ ഓടി വീട്ടിലെത്തുമായിരുന്നു. പിന്നീടു മക്കൾ ഉണ്ടായപ്പോൾ അവർക്ക് ഇംഗ്ലീഷു പഠിക്കാൻ നല്ല സ്കൂളിൽ വിദ്യാഭ്യാസം, ജയന്തി കോളേജിൽ ട്യൂഷൻ… അങ്ങനെ ഒന്നിനും ഒരു കുറവും വരുത്താതെയാണ് അയാൾ മക്കളെ വളർത്തിയത്. ഭാര്യ, കുഞ്ഞുങ്ങൾ, അവരുടെ സന്തോഷം, അതിനപ്പുറം അയാൾ തന്നെപ്പറ്റി ഒന്നുംതന്നെ ചിന്തിച്ചിട്ടില്ല.
അതിനിടയിൽ സഹിക്കേണ്ടി വന്ന ഒരുപാട് കഷ്ടപ്പാടുകൾ..നടത്തിയ പോരാട്ടങ്ങൾ… പറ്റിയ ചതികൾ.. ചെന്നുപെട്ട വീഴ്ചകൾ… ഉണ്ടായ നഷ്ടങ്ങൾ.. അതിന്റെയൊക്കെ കണക്കുകൾ എഴുതി സൂക്ഷിക്കാൻ തിരക്കുകൾക്കും പ്രാരാബ്ദങ്ങൾക്കു മിടയിൽ അയാൾ മറന്നുപോയി. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാമുപേക്ഷിച്ച് മക്കൾക്കായി ജീവിച്ച അയാളെ ആരും പക്ഷേ അത്ര കണ്ടങ്ങു മനസ്സിലാക്കിയില്ലെന്നുള്ളതാണ് സത്യം.
അവരെ ഒന്ന് വളർത്തൊയെടുക്കാൻ താൻ അനുഭവിച് കഷ്ടപ്പാടുകളെക്കുറിച്ചെന്തെങ്കിലും പറയാൻ ശ്രമിച്ചാൽ പറഞ്ഞു തുടങ്ങുംമുമ്പേ, ‘പഴമ്പുരാണം തള്ളുന്നു’ എന്ന കളിയാക്കലും പുശ്ചവും വരും. അതുകൊണ്ട് പഴയതൊന്നും അയാൾ ആരോടും പറയാൻ നിന്നില്ല.
മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളും മോഹങ്ങളും അയാൾക്കുണ്ടായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ചിലതൊക്കെ നടന്നു, മിക്കതും പാഴായി.
ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ പണിക്കൻ വീടിനുള്ളിൽ തനിച്ചായി… കാലിനു മരപ്പു തുടങ്ങിയതിനുശേഷം നടക്കാൻ നല്ല പ്രയാസമുണ്ടിപ്പോൾ. ചികിൽസയ്ക്ക് ഒരുപാടു കാശായി. ഉണ്ടായിരുന്ന കച്ചവടം പൂട്ടി. വരുമാനം നിലച്ചതോടെ മക്കൾക്ക് അയാളൊരധികപ്പറ്റായി.
ജോസുകുട്ടിപ്പണിക്കൻ എന്ന പിതാവ് യൗസേഫിനെപ്പോലെ ഒരു തോൽവി ആയിരുന്നെങ്കിലും കുഞ്ഞുമേരി ഭാഗ്യവതിയാണ്. മക്കൾ തങ്ങളുടെ സന്തോഷമെല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ്. പക്ഷേ പണിക്കനു പരാതിയില്ല. ഒരുകണക്കിന് രണ്ടായിരം വർഷം മുമ്പും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നല്ലോ എന്നതായിരുന്നു അയാളുടെ ആശ്വാസം. അന്നും അമ്മയ്ക്കായിരുന്നല്ലോ എവിടെയും മഹത്വം.
കഷ്ടപ്പാടിന്റെ പരമ്പരകൾക്കൊടുവിൽ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നീക്കി നിർത്തപ്പെടുന്ന ചുമടുതാങ്ങികളെ അന്നുമുതലേ ആരും അത്ര ഗൗനിക്കാറില്ലായിരുന്നുവെന്ന തിരിച്ചറിവ് അയാളെ നിസ്സംഗനാക്കി. പ്രതിഷേധമോ പ്രതികരണമോ ഇല്ലാതെ, താൻവലിച്ചു തള്ളുന്ന തെറുപ്പുബീഡിയുടെ ശ്വാസ നിശ്വാസങ്ങളിൽ അയാൾ തന്റെ വിങ്ങലുകളൊതുക്കി.
ക്ലോക്കിൽ ഏഴടിച്ചു. വെളുപ്പിനെ പള്ളിയിൽ പോകുന്നതിനു മുമ്പ് കുഞ്ഞുമേരി മൂടിവെച്ചിട്ടു പോയ കട്ടൻകാപ്പി തണുത്തു പോയിരിക്കുന്നു.
പുകച്ചുകൊണ്ടിരുന്ന ബീഡി കട്ടിൽക്കാലിൽ കുത്തിക്കെടുത്തി മേശപ്പുറത്തിരുന്ന തടിച്ച വേദപുസ്തകമെടുത്ത് അയാൾ വെറുതെ മറിച്ചുനോക്കി. മകൻ വളർന്ന ശേഷം തച്ചനെന്തുപറ്റിയെന്ന് അവിടെയെങ്ങും ആരും പരാമർശിച്ചു കണ്ടില്ല.
അമ്മയുടെ കണ്ണു നിറഞ്ഞാൽ മക്കളതു കാണും, കുഞ്ഞുമേരിക്ക് ആ ഭാഗ്യമുണ്ടായതിൽ അയാൾക്ക് ഏറെ ആശ്വാസം തോന്നി. പക്ഷെ കരയുന്ന അപ്പനെ മക്കൾ കാണാറില്ല. അല്ലെങ്കിലും നമ്മൾ അപ്പന്മാർ മക്കൾക്കുമുന്നിൽ കരയാറില്ലല്ലോ.. പിന്നെ മക്കളെ എന്തിനു കുറ്റപ്പെടുത്തുന്നു.
ചിലപ്പോൾ പണിക്കൻ വെറുതെയിരുന്നാലോചിക്കും, അന്ന് കാനായിലെ കല്യാണ വീട്ടിൽ ഓർക്കാപ്പുറത്തു വീഞ്ഞ് തീർന്നു പോയപ്പോൾ വെള്ളം വീഞ്ഞാക്കി കൊടുക്കാൻ അമ്മയ്ക്കു പകരം യൗസേഫായിരുന്നു മകനോടു പറഞ്ഞിരുന്നതെങ്കിൽ ഒരുപക്ഷെ ആ മഹാ അത്ഭുതം നടക്കില്ലായിരുന്നു.
“അപ്പന് കള്ളൂ കുടിക്കണമെങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ, ആ ഇപ്പോ ഇതുമതി. ബാക്കി ഇനി വീട്ടിൽപോയി കുടിച്ചാൽ മതി.” എന്നാകുമായിരുന്നു ഒരുപക്ഷെ മകന്റെ മറുപടി.
അപ്പന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല, പ്രകടിപ്പിക്കുന്ന രീതി ശരിയല്ല എന്നൊക്കെയാണ് മക്കളുടേയും കുഞ്ഞുമേരിയുടെയും ആക്ഷേപം. മക്കളെ ഉപദേശിക്കാനൊരുങ്ങിയപ്പോഴൊക്കെ “നിങ്ങളുടെ പഴയ കാലമല്ലിത്” എന്നായിരുന്നു കുഞ്ഞുമേരിയുടെ സ്ഥിരം പ്രതികരണം. അങ്ങനെ പോകെപ്പോകെ പണിക്കൻ വീട്ടിലെ ആൾക്കൂട്ടത്തിൽ എന്നും തനിച്ചായി.
ടെലിവിഷനുമുന്നിൽ ഹോട്ട്സ്റ്റാറും സോണി ലൈവും ഇംഗ്ളീഷ് സിനിമകളുമൊക്കെയായി മക്കൾ അടയിരിക്കുമ്പോൾ പണ്ടു സ്ഥിരം കണ്ടിരുന്ന ഏഷ്യാനെറ്റിലെ വാർത്തപോലും പണിക്കന് അന്യമായി.
മക്കൾ തർക്കുത്തരം പറയുമ്പോഴും അവഗണിക്കുമ്പോഴും പണിക്കന്റെ മുഖത്തും കണ്ണുകളിലും കടലോളം ദു:ഖം ഇരമ്പി വരുന്നത് കുഞ്ഞുമേരി കാണാതെ അയാൾ ഒളിപ്പിച്ചുവെക്കും. ഇനി അതിന്റെ പേരിൽ വെറുതെ അവളെ എന്തിനാണ് നോവിക്കുന്നത്.
ഓർക്കാപ്പുറത്ത് മൊബൈൽ ഫോണിന്റെ ബെല്ലടിച്ചപ്പോഴാണ് പണിക്കൻ മനോരാജ്യത്തിൽ നിന്നുണർന്നത്. ഞായറാഴച്ചക്കുർബാന കഴിഞ്ഞിട്ടുണ്ടാവും. വെളുപ്പിനെ എഴുന്നേറ്റു പള്ളിയിൽ പോയ കുഞ്ഞുമേരിയാണ് വിളിക്കുന്നത്.
” മനുഷ്യാ, നിങ്ങളെഴുന്നേറ്റോ … എങ്കീ നമ്മടെ കൊച്ചുമത്തന്റെ കടേൽപ്പോയി രാവിലെതന്നെ രണ്ടുകിലോ പോത്തെറച്ചി മേടിക്കണം.. നാളെ പിള്ളേര് വരുമ്പോ എന്തേലും ഒണ്ടാക്കി കൊടുത്തില്ലേ മോശല്ലേ …”
“ഓ ! ഉവ്വെടീ, പറഞ്ഞതുപോലെ സാലിക്കുട്ടിയും കുഞ്ഞും നാളെ ഡിസ്ചാർജായി വരുകാണാല്ലോ. ഞാനിപ്പത്തന്നെ പോവ്വാ.”
പണിക്കൻ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് പാതകത്തിനടിയിൽ മടക്കി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് സഞ്ചിയെടുത്ത് അതിൽ തുള വല്ലതുമുണ്ടോയെന്നറിയാൻ നിവർത്തി നോക്കി.
പോത്തിന്റെ കൊറകെറച്ചി തീർന്നു പോകുന്നതിന് മുമ്പ് കൊച്ചുമത്തന്റെ കടയിൽ നിന്ന് രണ്ടുകിലോ വാങ്ങണം. ഇല്ലങ്കിൽ നാളെ മകളും മരുമകനും വരുമ്പോൾ കറിവെച്ചു കൊടുക്കാൻ അടുക്കളേലൊന്നും കാണത്തില്ല. അതുമതി പിന്നെ അടുത്ത ഭൂകമ്പത്തിന്.
അയാൾ തിരികെ വന്ന് അലമാരയിലെ വിരിപ്പിനടിയിൽ കുഞ്ഞുമേരി സൂക്ഷിച്ചിരുന്ന നൂറു രൂപയുടെ തീരാറായ കെട്ടിൽ നിന്നും അവസാനത്തെ ആയിരം രൂപ എണ്ണിയെടുത്തു. മുറിക്കുള്ളിലെ അയയിൽ കുഞ്ഞുമേരി അലക്കി ഉണക്കിയിട്ടിരുന്ന ലുങ്കിയും സാലിക്കുട്ടിയുടെ കെട്ടിയോൻ പണ്ടുകൊടുത്ത ടീഷർട്ടുമെടുത്തിട്ട് അയാൾ പുറത്തേക്കിറങ്ങി.
തിണ്ണയിൽ വളർത്തുനായ കൈസർ വാലും ചുരുട്ടി കിടന്നുറങ്ങുന്നുണ്ട്. പണിക്കൻ തലതിരിച്ച് ഒരുനിമിഷം അതിനെ നോക്കി. ആ പാവത്തിനും തന്നെപ്പോലെ വയസ്സായിരിക്കുന്നു. യജമാനന്റെ അനക്കം കേട്ടപ്പോൾ കൈസർ മെല്ലെ തലപൊക്കി നോക്കി വലൊന്നനക്കി ചിരിച്ചിട്ട് പിന്നെയും തലതാഴ്ത്തി ഉറക്കം തുടർന്നു.
വീഴാതിരിക്കാൻ തിണ്ണയിലെ തൂണിൽ പിടിച്ചുകൊണ്ട് നടവാതിൽക്കൽ കിടന്ന തേഞ്ഞുതീരാറായ വള്ളിച്ചെരുപ്പ് അയാൾ തന്റെ മരവിച്ച കാലുകളിലേക്ക് കഷ്ടപ്പെട്ടു മെല്ലെ തിരുകി കയറ്റി .
പിന്നെ, കയ്യിലിരുന്ന പ്ലാസ്റ്റിക് സഞ്ചി ചുരുട്ടിപ്പിടിച്ച്, മകളുടെ നാളത്തെ വിരുന്നു സൽക്കാരത്തിനുള്ള പോത്തിറച്ചി വാങ്ങാൻ ചന്തക്കടവിലുള്ള കൊച്ചുമത്തന്റെ കടയിലേക്ക് ഉറയ്ക്കാത്ത കാലുകൾ നൊണ്ടിച്ചവിട്ടി അയാൾ ധൃതിയിൽനടന്നു.
