ഞാനൊരു മരം!
ചലിക്കാന്‍
ആവതില്ലാത്ത,
സഹിക്കാനാവതുള്ള മരം!
വന്‍ മരമോ?
അറിയില്ല!
ചെറു മരമോ?
അതുമറിയില്ല!
എന്റെ കണ്ണുകളില്‍
ഞാന്‍ ആകാശം
മാത്രം കാണുന്നു!
നാലു പുറവും ആകാശം, പിന്നെ
താഴെയും മുകളിലും!.
സമയം കിട്ടുമ്പോള്‍ ഞാനെന്റെ
സ്വന്തം ശരീരത്തെ നോക്കുന്നു.
ഞാന്‍ നഗ്നയാണ്!
ഗോപ്യമായി വയ്ക്കാന്‍ എനിക്കൊന്നുമില്ല.
എങ്കിലും എന്റെ
അരയ്ക്കുമുകളില്‍,
ഞാന്‍ ശിഖരങ്ങളെ
കൊണ്ട് നിറച്ചു.
അരയ്ക്കു താഴെ
ശൂന്യത മാത്രം!
അവിടെ നിര്‍വ്വികാരത!
ഇലകളെ കൊണ്ട്
മറയ്ക്കാന്‍ എനിക്ക്,
അരയ്ക്കു
താഴെ ശിഖരങ്ങളില്ല!
അതുകൊണ്ടു
തന്നെ ഇലകളുമില്ല!
കാപാലികന്‍മാര്‍
എന്നും,
എന്റെ മേനിയെ
നഗ്നമാക്കി
ശിഖരങ്ങള്‍
വെട്ടി.
അവര്‍ എന്റെ
നഗ്നതയില്‍
ആഹ്ളാദിച്ചു.
നഗ്നതമറയ്ക്കാന്‍
ഞനെന്റെ കൈകള്‍
താഴ്ത്തി.
അവര്‍ അപ്പോള്‍
ഒടിഞ്ഞ
ശിഖരങ്ങളായി
കണ്ട്,
എന്റെ കൈകളെ
വെട്ടി മാറ്റി!
എന്റെ മനസ്സില്‍ ഒലിച്ചിറങ്ങിയ,
കണ്ണുനീര്‍ കൊണ്ട്
ഞാനെന്റെ,
പുറം തൊലിക്ക് കടുപ്പമേകി.
പ്രകൃതി എനിക്ക്
“”തൊലിക്കട്ടി’ ഉണ്ടാക്കി. “
തലയുയര്‍ത്തി
നില്‍ക്കാന്‍
കഴിവ് നല്‍കി.
ഞാനെന്നില്‍
സംഭവിക്കുന്നത്
ഇപ്പോള്‍
ശ്രദ്ധിക്കുന്നില്ല….!
എന്റെ ശിഖരങ്ങളില്‍
പൂത്ത് കായ്ച്ചു,
മനോഹരനിറം
പകര്‍ന്നു നില്‍ക്കുന്ന,
പൂക്കളും, കായ്കളും,
എന്റെ നിസ്സഹായ
അവസ്ഥയിലും എന്നില്‍
പ്രതീക്ഷയുണര്‍ത്തുന്നു.!
ആളുകള്‍
എന്റെ മുഖത്ത് നോക്കുന്നു!
കണ്ണുകള്‍ മുകളിലേയ്ക്കു തന്നെ,
നോക്കി നിശ്ചേഷ്ടരായി നില്‍ക്കുന്നു!
അനങ്ങാതെ,
അനങ്ങാന്‍ കഴിയാതെ,
കണ്ണുകള്‍ അനക്കാതെ…….!

പട്ടം ശ്രീദേവിനായർ

By ivayana