രചന : ഡോ:സാജു തുരുത്തിൽ✍
കവിതകൾ അച്ചടിച്ച് വെച്ച
താളുകളിലെ അക്ഷരങ്ങളെ
പെറുക്കി പെറുക്കി വായിച്ചെടുക്കുമ്പോൾ
കണ്ണടയിലെ കണ്ണാടിക്കു
കനം കൂടിയതോർത്തു
ഒന്നും ശെരിയാകാത്തതുപോലെ
തപ്പിയും തടവിയും
കുറെയൊക്കെ ഒപ്പിച്ചെടുത്തു
ഇതിലെ വരികകൾക്കു ഉള്ളിൽ
ഞാൻ ഒളിപ്പിച്ചുവെച്ച എന്നെ
തിരഞ്ഞു നടന്നു
ഓരോ വഴികളിലും എനിക്ക്
എന്നെ അറിയാമായിരുന്നു
ഞാൻ നടന്നുപോയ
വഴിയിറമ്പിൽ
ഞാൻ അടയാളങ്ങൾ കൊരുത്തുവെച്ചിരുന്നു
ഓരോരുത്തരും അങ്ങിനെയാണ്
കടന്നു പോയിടത്തു
അടയാളങ്ങൾ കൊത്തിവെച്ചവർ
‘കല ‘അടയാളമാക്കിയവർ …..,
പലതും ഘനീഭവിച്ച
വിത്തുകൾ പോലെ …..
ഒന്നിനും മുളപൊട്ടിയില്ല
എന്നാലും കെട്ടുപോയിട്ടില്ല
ഓർമ്മകൾക്ക് സുഗന്ധമുള്ളതു
കൊണ്ടാകും
അതിനിയും നശിക്കതെ നിന്നതു
ഇന്നലകളിൽ എപ്പോഴോ
ഞാൻ നട്ടുവെച്ച തൈകൾ
പൂത്തതും കായ്ച്ചതും
പൂക്കുലകൾ കാറ്റിലാടികളിച്ചതും
ഞാൻ ഓർക്കുന്നു
നനവ് പടർന്ന കണ്ണട ചില്ലുകൾ
കാഴ്ചയെ മറക്കുന്നുവോ
നനഞ്ഞു നനഞ്ഞു ഒന്നും കാണാതെ പോവുന്നുവല്ലോ
മിഴിനീര് തുടച്ചു ഞാൻ
വീണ്ടും കാഴ്ചയുടെ
ഉമ്മറ വാതിക്കൽ എത്തി നിന്നു
പോയ കാലങ്ങളിലേക്കു തിരി
ആരോ നീട്ടിവെക്കുന്നു
പറഞ്ഞും പറയാതെയും
പിരിഞ്ഞു പോയവർ …….
എനിക്ക് നീട്ടിയതായിരുന്നു എല്ലാം …..
ഓർമ്മച്ചെപ്പിലെ വളപൊട്ടുപോലെ ……ഒന്നും
നിറം മങ്ങിയില്ല
എന്നാലോ ഒരോ ഓർമ്മക്കും
എന്തൊരു ഭാരം ആണ്
ഉയർത്തിവെക്കാൻ
ഒന്നോർത്തെടുക്കാൻ
സമ്മതിക്കുന്നില്ല
സംവത്സരങ്ങളുടെ
ഒഴുക്കുചാലിൽ
കടലാസ്സു തോണിയേറി
കുതിച്ചു പായേണ്ടത്
പിന്നോട്ടാണ് …..മുന്നോട്ടെല്ല !!!
കഴിഞ്ഞതൊക്കെ വായിച്ചെടുക്കാൻ
കാലത്തിനു മുന്നിൽ
കുനിയേണ്ടി വരും
കാഴ്ച്ചകളുടെ ബിംബങ്ങൾക്കു
കണ്ണീരിന്റെ നനവാണ്
ഓരോ നേട്ടങ്ങളും
കാലം കഴിയുമ്പോൾ
നഷ്ട്ടങ്ങൾ ആകുന്നു
ആ നഷ്ടങ്ങളുടെ നഷ്ടങ്ങളിൽ
നേട്ടങ്ങൾ കോർക്കുമ്പോൾ
രാത്രിയും പകലും പോലെ
മാറി മാറി അത് തുടരുന്നു
ജനിക്കണ്ടായിരുന്നു എന്ന
തോന്നൽ ശക്തമാകുമ്പോൾ
ജനിച്ചതിന്റെ മികവിൽ
ദിനരാത്രങ്ങളിൽ അഹങ്കാരം …..
കൊടികുത്തി വാണ നാളുകൾ
വീഴ്ചകൾ അറിയാതെ പോകുമ്പോൾ
അടുത്ത വീഴ്ചകൾക്ക് ആഴം കൂടുന്നു
നേടിയെടുത്തതെല്ലാം
നിരത്തിവെച്ചപ്പോഴാണ്
നേരുകൾ തനിക്കു നേരെ
കൊഞ്ഞനം കുത്തുന്നത്
കാണേണ്ടി വരുന്നത് ……
