ചില പ്രണയങ്ങളുണ്ട്.
കൊടിയ ഗ്രീഷ്മത്തിൽ പൊട്ടിമുളക്കും.
തളിർക്കും.
മൊട്ടിട്ട് പൂക്കാലം കാഴ്ചവെക്കും.
തീക്ഷ്ണ സൂര്യനിലും വാടാതെ,
കൊഴിയാതെ വസന്തങ്ങൾ തീർക്കും.
ചില പ്രണയങ്ങളുണ്ട്.
ശിശിരത്തിലെ
ഇലപൊഴിയും നാളുകളിലും, കൊഴിയാതെ,
പൊട്ടിമുളക്കുന്ന, തളിർക്കുന്ന,
പ്രണയത്തിൻ്റെ പൂക്കാലം തീർക്കും.
തമ്മില്‍ത്തമ്മിൽ കൈകോർത്ത്,
മഞ്ഞിൻ സൂചികളോടെതിരിട്ട്,
നക്ഷത്രഖചിതമായ,
ആകാശത്തിൻ ചുവട്ടിൽ,
ജീവിതത്തിൻ്റെ
രാജവീഥികളിലൂടെ,
ഇടനാഴികളിലൂടെ,
ചിരിച്ചുല്ലസിച്ച്,
രഹസ്യങ്ങൾ പങ്കിട്ട്,
പ്രണയം പങ്കിട്ട് നടന്ന് നീങ്ങും.
നക്ഷത്ര വിളക്കുകളും,
കരോൾ സംഘങ്ങളും,
സാൻ്റാക്ലോസും
അവരെ ഉന്മത്തരാക്കും.
ചില പ്രണയങ്ങളുണ്ട്.
വസന്തർത്തുവിൽ പൂത്തുലയും.
വസന്തവും,
തീക്ഷ്ണ പ്രണയവും
ഒരുമിച്ച് വരുന്ന
അസുലഭ മുഹൂർത്തങ്ങൾ.
ഒരു ജീവിതകാലം മുഴുവൻ
പൂത്തുലയുന്ന പ്രണയവസന്തങ്ങൾ വിരളമായിരിക്കും.
ജീവിതത്തിന്റെ നാല്‍ക്കവലയിൽ വഴിപിരിഞ്ഞ്,
തമ്മിൽ കാണാതെ, കാണാനാവാതെ,
ഒടുങ്ങിയെന്ന് വരും.
പ്രണയങ്ങൾക്ക് പൊട്ടി മുളക്കാൻ,
മൊട്ടിട്ട് പൂക്കാലം തീർക്കാൻ,
ഒടുവിൽ കൊഴിയാൻ ഋതുപ്പകർച്ചകൾ ബാധകമല്ലെന്ന് നാമറിയുന്നു…..
ചില ജീവിതങ്ങളുണ്ട്.
പ്രണയത്തിന്റെ കണ്ണുകൾ
എത്തി നോക്കാൻ മടിക്കുന്ന
തെരുവോര ജീവിതങ്ങൾ.
അവരുടെ പ്രണയം എന്നും, എപ്പോഴും
ഒരു നേരത്തെ സുഭിക്ഷമായ ആഹാരത്തോട് മാത്രമായിരിക്കും….

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *