രചന : പ്രസീദ.എം.എൻ ദേവു✍
പ്രണയ സ്വകാര്യം
ആ ദിനമൊന്നു തൊട്ട്
ഈ നിമിഷം വരേയ്ക്കും നമ്മൾ
പ്രണയിച്ചതായ്
ആരും അറിയരുതെ,
അതു കുറിച്ചൊന്നും നീ
എഴുതരുതെ,
ആ കണ്ണിൽ നോക്കി നോക്കി
ഈ കൺകൾ വായിച്ചെടുത്ത
കവിതകൾ ആർക്കും നീ
മൊഴിയരുതെ,
ആ ചുണ്ടിൽ ചുംബിച്ചപ്പോൾ
ആകാശത്തോളമുയർന്ന
നിൻ്റെ ചിറകാർക്കും
നീ പകുക്കരുതെ,
ആ മെയ്യിൽ ഉരസ്സിയപ്പോൾ
അടിമുടി പൂത്തുലഞ്ഞ
കാടകം ഇനിയാരും
പൂകരുതെ,
ആ കവിൾ തൊട്ടപ്പോൾ
അകത്താരിലൊഴുകിയ
ഗീതികളിനിയാർക്കുമായ്
പാടരുതെ,
ആ നെഞ്ചിൽ അലിഞ്ഞപ്പോൾ
എന്നിലാകെ പടർന്നൊരാ
ചൂടു നീയാർക്കുമിനി
ഏകരുതെ,
ആ വിരൽ പിടിച്ചപ്പോൾ
എന്നിലായ് മുറുകിയ
നിൻ്റെ വിരലിനിയാരും
മീട്ടരുതെ,
ഏഴുക്കടൽ കരയിൽ നാം
ഒരു ദിനം പതിച്ചൊരാ
ഇരുപാദ ചിത്രമിനിയാരും
വരയ്ക്കരുതെ. ,
പേടിയില്ലാതൊരുക്കാട്ടിൽ
പരസ്പരം വെളിച്ചമായ്
ഇണചേർന്നതായ് ആരും
അറിയരുതെ.
എന്നുടൽ പൂകിയപ്പോൾ
നീയന്നു പേരിട്ട
പുഷ്പത്തിൻ പേരിലാരും
വിളി കേൾക്കരുതെ,
നിൻ്റെ നഖ ശിഖിരങ്ങൾ
കൂടുകൾ പണിതിട്ട
എൻ്റെ മുറിപൊറ്റകളാരും
തുറക്കരുതെ,
എന്നുടൽ പൊതിഞൊരെൻ
നിന്നുടൽ മണമൊന്നും
മറ്റൊരു ഗന്ധിയിലും
നിറയരുതെ,
പ്രേമത്തെ പ്രേമമായ്
കാണുവാനാത്ത
ലോകത്തിൻ മുന്നിലായ്
നാം പോകരുതെ,
നമുക്കിടയിലായ്
മറ്റാരും വാഴരുതെ
·