രചന : ബിന്ദു അരുവിപ്പുറം .✍
നിറമുള്ളൊരു കനവായി
തെളിയുന്ന നിലാവായി
അകതാരിൽ ശ്രുതിമീട്ടും
അവളെന്റെ കാമിനിയല്ലേ!
കാറ്റൊഴുകും വഴികളിലാകെ
കുളിരായിപ്പുണരുന്നു,
കനവിലും നിനവിലുമായ്
നിറയുന്നൊരു പ്രണയമതല്ലേ!
ആലോലം കാറ്റിഴയുമ്പോൾ
മനതാരിൻ മൃദുതാളവുമായ്
മന്ദാരച്ചില്ലകളാകെ
മോഹത്തിൻ ശീലുണരുന്നു.
കരളാകെ മുത്തു പതിച്ചും
മിഴികളിലോ കടലു നിറച്ചും
സ്വപ്നങ്ങൾ ചിറകുമുളയ്ക്കേ
തഴുകുകയാണെന്നെ സുഖദം!
ഉള്ളത്തിലാഴങ്ങളിലായ്
പ്രിയമുള്ളൊരു രാഗം പോലെ
മധുരിതമാം നിമിഷങ്ങൾ
പെയ്യുന്നു പൂനിലാവായ്!
നീയെന്നിലറിയാതിന്നും
ആത്മാവിലൊഴുകുന്നു.
ഒരുനാളും മായാതിപ്പൊഴു
ഓർമ്മകളായ് പുൽകുകയല്ലോ!
ഹൃദയത്തിൻ സ്പന്ദനമെല്ലാം
മണിവീണനാദമുണർത്തി,
നീൾമിഴികളിലോർമ്മകളെന്നും
തഴുകുന്നു തിരമാലകളായ്!