രചന : ദിവ്യ സി ആർ ✍
ഓർമ്മകൾ വാഴുന്നൊരാ-
മരത്തണലിൽ;
ആർദ്രമാമൊരു നോട്ടം
തേടിയാണിന്നു ഞാൻ
വേനലവശേഷിപ്പിച്ച
വിയർപ്പുപ്പുതുള്ളികൾ
നുണയുന്നത്..!
അകവും പുറവു-
മിരുൾ കൊണ്ടുമൂടി
മൗനമുറഞ്ഞ
വഴിപ്പാതകളിൽ;
മഴനാരുകൾ പോലെ
പെയ്തിറങ്ങുന്നു
നോവുകളുടെ നൂലിഴകൾ.!
കാലത്തിൻ വേഗക്കണക്കിൽ;
മറവികൾക്കു വഴികാട്ടി
മുറിവുകളുണങ്ങുമ്പോഴും,
വീണ്ടുമുയരുന്ന തീക്കാറ്റിൽ
ഞാനെരിഞ്ഞടങ്ങും മുമ്പേ
ഇത്തിരിനേരമിന്നിരുന്നോട്ടെ
സ്വച്ഛമാമീ മരത്തണലിൽ..!
