രചന : മധു നിരഞ്ജൻ ✍
കുരുതി കഴിഞ്ഞിന്നെന്റെ കരിങ്കാളി,
മലയിൽ നിന്ന് ഒഴുകിവരുന്ന
കബന്ധങ്ങൾ കണ്ടു പൊട്ടിച്ചിരിച്ചു.
അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,
ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,
ആർത്തട്ടഹസിച്ചു, ദിക്കുകൾ
ഭയം പേറി കറുത്തു,
ചുടുനിണം ഒഴുകിപ്പരക്കും,
നാലുപാടും നരകമായി,
ആഴത്തിൽ വിറച്ച മലഞ്ചെരുവിൽ
ഉഗ്രമായൊരു നൃത്തം
തുടങ്ങിയോ കരിങ്കാളി.
നീ എന്റെ മക്കളെ കൊന്നു,
കാടിന്റെ മക്കളെ കൊന്നില്ലേ?
ഞാനോ കാടിന്റെ കുറത്തിയുടെ കരിങ്കാളി.
മന്ത്രം ചൊല്ലി,
കാത്തിരിക്കുന്ന പ്രതികാരത്തിൻ കരിങ്കാളി
ശവക്കൂട്ടങ്ങൾ നീന്തിവരും പുഴയിൽ,
ഇരുൾപ്പടർന്നൊരാ രാത്രിയിൽ.
അവളുടെ ദംഷ്ട്രകൾ തിളങ്ങുന്നു,
കണ്ണിലെ അഗ്നി ജ്വലിക്കുന്നു.
‘നിണം കുടിച്ചവനേ, നിൻ്റെ
ജീവൻ ഞാനെടുക്കും.
അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,
ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,
ഭയം പേറി ദിക്കുകൾ കറുത്തു,
നാലുപാടും നരകമായി.
