മറന്നുവെച്ചതെന്തോ
എടുക്കാനെന്നപോലെ
പുറപ്പെട്ടു പോയവർ
തിരിച്ചെത്തും പോലെ
കടൽ വരും
സകലതടസ്സങ്ങളും തട്ടിമാറ്റി
ഇട്ടെറിഞ്ഞു പോയ സ്ഥലങ്ങൾ
കാണാനോ
വീണ്ടെടുക്കാനോ വരും
നിറഞ്ഞു ജീവിച്ചതിൻ്റെ
നനവുണ്ടാവുമിപ്പോഴും
അന്നേരം
കരയുടെ എല്ലാ അവകാശങ്ങളും
റദ്ദ് ചെയ്യപ്പെടും.
തിരിച്ചു വരില്ലെന്ന ഉറപ്പിലാണ്
കടലിൽ വീട് വെച്ചത്
ഉപ്പിലിട്ട് ഉണക്കി വെച്ച ഓർമ്മകൾ
കടലിനുമുണ്ടാകാം
മറ്റൊരവസ്ഥയിൽ
ജീവിച്ചതിൻ്റെ അസ്വസ്ഥതകൾ
കാണിച്ചു കൊണ്ടിരിക്കും
പൊരുത്തക്കേടുകൾ
നടപ്പിലും ഇരിപ്പിലുണ്ടാകും
വഴിയറിയാതെയുള്ള നടത്തം
ദുർവ്യയം
ധാരാളിത്തം
പിന്നെയെല്ലാം ശാന്തമാകും
ശീലമാകും
ചാപ്പപ്പടിയുടേയും
ചാപ്പറമ്പിൻ്റെയും
പേര് മാറ്റിക്കാണും
ഇപ്പോൾ കടലിൽ നിന്നേറെ
ദൂരവുമുണ്ടാകും.
ഒരുപാട് കാലം ജീവിച്ചതിൻ്റെ
വടുക്കുകളുണ്ടവിടെ.
മണമില്ലാതെ
ചാപ്പകൾ
തനിച്ചുനിന്നിട്ടുണ്ടവിടെ.
കടലുപേക്ഷിച്ച ഇത്തളുകൾ
ഇപ്പോഴും കുഴിച്ചെടുക്കാം
കടൽ നീന്തി പോയപ്പോൾ
കരപിടിച്ചവരാണധികവും
ഉള്ളുലഞ്ഞ്
*കക്കും പോലെ
കരക്കടിയുന്ന പ്രവാസികൾ.
ഒരു വീട്ടിലൊരു ഗൾഫുകാരൻ
എന്നത് മായ്ച്ചെഴുതിത്തുടങ്ങി
ഒരു വീട്ടിൽ ഒരു പ്രവാസി.
കര, കടലിൻ്റെ
ഔദാര്യം തന്നെയാണ്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *