അവന്റെ കാഴ്ചയിൽ
അവൾ ദേവലോകത്തു നിന്ന്
കാൽ വഴുതി വീണ അപ്സര കന്യക.
“അവളുടെ അംഗലാവണ്യം നോക്കു.
ചുറ്റിലും ആരുമില്ലെ”ന്നുമൊക്കെ
ചെകുത്താൻമാർ
കാതിൽ മന്ത്രിക്കുന്നുണ്ട്..
ചെകുത്താൻമാർ!
അവർ പാപികളുടെ മനസ്സേ കണ്ടിട്ടുള്ളൂ.
നിഷ്കളങ്കരുടെ ഉൾക്കാഴ്ചയെക്കുറിച്ച് ചെകുത്താന്മാർക്ക് എന്തറിയാം..
അവൻ അവളെ
ഇമവെട്ടാതെ നോക്കി നിന്നു.
അവളിൽ ഇപ്പൊ
എന്തൊക്കെയോ
അവൻ കാണുന്നുണ്ട്.
അവളുടെ ചന്തം തുളുമ്പും
വെളുത്ത തൊലിപ്പുറത്ത്
കസേരയിട്ട്
അവന്റെ പ്രിയപ്പെട്ട മലയാളം ടീച്ചർ
പെങ്ങൾ എന്നുള്ള
ഒരു കവിത പഠിപ്പിക്കുകയാണ്.
ഭീതിയിൽ വിടർന്ന
അവളുടെ ചെന്താമര കണ്ണുകളിൽ
അവന്റെ മുത്തശ്ശിയിരുന്നു
നാമം ജപിക്കുന്നു.
അവനും ചമ്രം പടഞ്ഞിരുന്നു മുത്തശ്ശിയോടൊപ്പം
നാമം ജപിക്കുകയായ്.
ആരും ചുംബിക്കാനാശിക്കും
അവളുടെ ചുവന്നു തുടുത്ത ചുണ്ടിൽ
ഈണത്തിൽ
താരാട്ട് പാട്ട് പാടുന്നത്
സ്വന്തം അമ്മയാണ്.
അവൻ ഒരു നിമിഷം
അമ്മയെ
ഓർത്തു പോയി .
അവളുടെ വശ്യമായ
ചുരുൾ മുടിയിൽ
കനലെരിയും
ചൂട്ടുമായി കാത്തിരിക്കുന്നു
കണ്ടിട്ടില്ലാത്ത ഏതോ ഒരച്ഛൻ.
”പേടിക്കണ്ട .
അവൾ ഉടനെ വരുമെന്ന”വനാവും വിധം
ആ അച്ഛനെ ആശ്വസിപ്പിക്കുന്നുണ്ട്.
അവളണിഞ്ഞത്‌
പുതു ഗൃഹത്തിലേക്ക് പോയപ്പോൾ
അവന്റെ ഏട്ടത്തിയമ്മയിട്ട
സ്വർണ്ണനിറമുള്ള സ്വപ്നസാരി.
ഏട്ടത്തിയെ പോലെ
ഇവളും അതിസുന്ദരിയാണ്‌.
അവളുടെ കൈകളിലാകട്ടെ
തന്റെ അനിയത്തിക്കുട്ടിയുടെ പോലത്തെ
ചുവന്ന കുപ്പി വളകൾ
‘ചേട്ടായി’യെന്ന് വിളിച്ചു
ചിണുങ്ങുന്നുണ്ട്.
അതിശയം തന്നെ !
ഇവൾക്കും ഈ വളകൾ
നന്നായി ഇണങ്ങുന്നുണ്ടല്ലോ!
കാലിൽ
മകളുടെ
അതേ ഫാഷനിലുള്ള പാദസ്വരം.
ഒരു പക്ഷേ
തന്റെ മകളെപ്പോലെ
ഇവളും ചെറുപ്പത്തിൽ
വലിയ കുസൃതിയായിരുന്നിരിക്കാം
അവളുടെ
ഉയർന്ന മാറിടത്തിൽ
തന്നെ ചേർത്തുറക്കിയ
ഓപ്പോളുടെ
ഓർമ്മ ചെരാതുകൾ
നിന്നു കത്തുന്നു.
‘ഓപ്പോളെ ‘
എന്നവന് വിളിക്കാൻ തോന്നി.
ഒടുവിൽ അവളെ കൈപിടിച്ചു
സുരക്ഷിതയായി
അവളുടെ വീടിന്റെ
പടി കയറ്റുമ്പോൾ
മൂർച്ച കൂട്ടിയ
സാത്താന്മാരുടെ കൊമ്പുകൾ
ദാ ഉരുകി വീഴുകയായ്…
ഇതാ സത്യസന്ധതയുടെ ദൈവം
അവന്റെ മനസാക്ഷിയിൽ വിരൽ തൊട്ട്
വിലപിടിപ്പുള്ള
ഏതോ ഉടമ്പടിയുടെ മുദ്രപത്രത്തിൽ
അവന്റെ കൂടി പേര്
എഴുതിച്ചേർക്കുന്നു..
ഇനി മുതൽ
അവനെന്നും സ്വർഗ്‌ഗത്തിന്റെ
പതിനെട്ടാം പടിയിലിരുന്നു
മന്ന ഭക്ഷിക്കേണ്ടവനാണ്..
ഇനിമുതൽ അവനെന്നും
മുപ്പത്തി മുക്കോടും ദൈവങ്ങൾക്ക്
ഏറ്റവും കൂടുതൽ മൊഞ്ചുള്ളവനാണ്.

ജിബിൽ പെരേര

By ivayana

Leave a Reply

Your email address will not be published. Required fields are marked *