രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍
നേരമേനീയൊരു വിസ്മയംനിത്യമാം
മാറ്റത്തിൻ ഓളങ്ങൾ പേറുന്നസാഗരം.
ഒഴുകിനീങ്ങും പുഴപോൽ നിൻപ്രയാണം,
പിൻവിളിക്കാതെ പോകുന്നു ഓരോനിമിഷവും!
ബാല്യത്തിൻ കളിവണ്ടിയായ് നീ പാഞ്ഞു,
യൗവ്വനത്തിൻ തീക്ഷ്ണമാം തീച്ചൂളയായി.
വാർദ്ധക്യത്തിൽ ശീതളമാം നിഴലുമായ്,
എത്തിടും മുന്നിലെന്നും മൗനമായി!
പകലിൻ പ്രകാശത്തിൽ നീതളിർത്തു,
ഇരുളിലും നിൻനിഴൽ മായാതെനിന്നു.
ഓരോ ഉദയവും ഒരു പുതുജന്മം,
ഓരോ അസ്തമയവും ഒടുങ്ങാത്തയാനം!
ഓർമ്മകൾ തൻ മധുരം നീകോർത്തെടുത്തു,
മറവി തൻ കൈകളിൽ പലതുംഒതുക്കി.
നേരമെന്നാൽ കാത്തിരിപ്പിൻ ശിലകളല്ല,
കർമ്മത്തിൻ പാതയിൽ കൂടെ നടക്കും കൂട്ടാണ് നീ!
നാളെയെന്ന വാക്കിൻ പുഞ്ചിരിനീ,
ഇന്നെന്ന സത്യത്തിൻ തുടിപ്പുംനീ.
വെറുതെ ഓരോമാത്രയും പാഴാക്കാതെ,
കുതിക്കുകമുന്നോട്ട് നിന്നോടൊപ്പം!
