രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍
ആരെ പുകഴ്ത്തുവാനാണ് ഞാൻ?
എന്നെയോ,
നിങ്ങളെത്തന്നെയോ,
എന്നിലില്ലാത്തതും
നിന്നിലില്ലാത്തതും
ഒന്നുപെരുപ്പിച്ചു ചൊല്ലി,
പുകഴ്ത്തണോ
ആരെപ്പുകഴ്ത്തുവാനാണ് ഞാൻ?
ഉള്ളത് ചൊന്നാൽ
ഇകഴ്ത്തലാവും, പിന്നെ,
ശണ്ഠയാവും
ഇഷ്ടമില്ലാതെയാവും,
പരസ്പ്പരം കുറ്റങ്ങളാവും
പഴികളാവും,
ആരെപ്പുകഴ്ത്തുവാനാണ് ഞാൻ?
ആരെ ഇകഴ്ത്തുവാനാണ് ഞാൻ?
നീർക്കോലി വന്നു
കടിച്ചാലുമാവില്ല
അത്താഴമുണ്ണുവാൻ
ഓർക്കണം…..
ഓർമ്മപ്പെടുത്തണം,
മിണ്ടരുതു സത്യം….
ആരെ പുകഴ്ത്തുവാനാണ് ഞാൻ?
ആരെ സുഖിപ്പിച്ചു നിർത്തേണ്ടു ഞാൻ….?!