രചന : അൻവർ ഷാ ഉമയനല്ലൂർ✍
വിത്തിലൊളിച്ചിരിക്കുന്നൊരു വന്മരം
കാൺക നാം; ഹൃത്തുപോലെത്ര ചേതോഹരം
നൃത്തമാടട്ടെ; ഹൃദയാർദ്രമായ് നിൻ കരം
നെറുകയിൽ തൊട്ടു നൽകീടുകനുഗ്രഹം.
തണലാകുമൊരുകാലമീ മഹിത ജീവിതം
തൃണ തുല്യമാക്കാതെ കാത്തീടുമീ വരം
നിരകളായ് നിൽക്കട്ടെ;യലി വാർന്നതാം മരം
ഹരിതാഭമാക്കുന്നു നിൻ രമ്യവാസരം.
തിരയുയർത്തുന്നു ചില ചിന്തയാൽ; മർത്യകം-
അത്രമാത്രം വെട്ടിമാറ്റുന്നു നന്മരം
ജന്മ ജന്മാന്തരം സുകൃതമാക്കും വിധം
ഹൃദ്യമധുരാമൃതം പകരുന്നു നിന്മരം.
കാലങ്ങൾ മാറി മറിഞ്ഞു വന്നീടിലും
കൂടൊരുക്കുന്നില്ലെയോരോ സ്മരണയും
നീറുന്നയെത്ര വേനൽച്ചൂട് താങ്ങിയും
തണലൊരുക്കുന്നു ചില മനസ്സുകൾപ്പോലെയും.
വെട്ടി വീഴ്ത്താനെളുപ്പം ശക്തമാം വിധം
പ്രത്യക്ഷമായി പ്രതികരിക്കാം ക്ഷണം
മുളയിലേ നുള്ളിക്കളയേണ്ട ചിന്തകൾ-
മാറ്റാതെ കതിരിൽ വളംവയ്ക്കയാണു നാം.
തിരുകരത്താലഭയമേകുന്നപോലെ നിൻ
പരിസരം കാത്തുസൂക്ഷിക്കാനൊരുങ്ങണം
പരിഹാരമെന്തെന്നുണർത്തുന്നു താപനം;
കരുതലോടോർത്തു രക്ഷിക്കാം മഹാവനം.
വൃക്ഷമൊരക്ഷയപാത്രം സുരക്ഷതൻ-
നിത്യസ്മിതം പകരുന്ന സംരക്ഷകൻ
തീർത്ഥം തളിച്ചുണർത്തീടുക,യവസാന-
യാത്രയിലേക്കു ക്ഷണിക്കാതിരിക്കുവാൻ.
ഒരുമിച്ചു തൈ നയ്ക്കാം, വിത്തെടുക്കാം
നിനവുപോൽ നട്ടുവളർത്താം പരസ്പരം
നന്മനോതരുക്കളിൽ കരുതൽച്ചിറകുമായ്
പ്രതീക്ഷതൻ കൂടൊരുക്കീടാം പുലർന്നിടാം.
പുലരികൾ തളിർക്കട്ടെ,യുണർന്നു പാടുന്നിതാ,
ചെറുകിളികളെന്റെയീ ഗ്രാമീണ വാടിയിൽ
തളിർത്തുണരുന്നതിൻ ചാരെയായ് മോഹന-
വർണ്ണത്തിൽ രമ്യമാമൊരു കുഞ്ഞു തൈക്കുളിർ.
ഇരു കരങ്ങളാൽ നമുക്കഭയമേകാം സദാ-
ഹൃദയങ്ങളാൽ തളിച്ചുന്മേഷമേകിടാം
കുരുന്നു സ്വപ്നങ്ങളിനി വാടാതെ കാത്തിടാം
നാടിന്റെ നന്മോദയങ്ങളായ് നിന്നിടാം.

