രചന : പ്രസീദ .എം എൻ . ദേവു✍
കളിക്കോപ്പുകൾ
എന്തിനെന്നുണ്ണി,
കരുതുക നീയൊരു വെട്ടരിവാൾ ,
തല താഴ്ത്തുന്ന
തെന്തിനാണുണ്ണി നീ,
വീശുക നീയൊരു കണ്ണരിവാൾ ,
പിഴച്ച ലോകത്ത്
ജനിച്ചു പോയി നാം ,
നശിച്ച കാമത്തിൻ
നഗരത്തിൽ
വളരുന്നു നാം ,
നിനക്കു നീയെ
രക്ഷയെന്നാകുവാൻ
കണ്ണകി പെണ്ണായ്
ഉടുത്തൊരുങ്ങ നീ,
കിളുന്തു മേനിയിൽ
തൊടുന്ന കൈകളെ
ചുരിക വാളിനാൽ
അറുത്തു കളയുവാൻ
അകമെ നീയൊരു
ആർച്ചയാവുക,
പുറമെ നീയൊരു
കാളിയായ് തുള്ളുക,
മുടിഞ്ഞ പുരുഷർതൻ
കുലം മുടിക്കുവാൻ
മുടിയഴിച്ചാടുന്ന
തോറ്റമാവുക,
കുടില തന്ത്രങ്ങൾ
തഴച്ചു പായുമ്പോൾ
തലയെടുപ്പുള്ള
ഝാൻസിയാവുക,
നിനക്കറിവിന്റെ
മിഴി തുറക്കുവാൻ
തടയിടുന്നൊരു
അധീശത്വങ്ങളൊക്കെയും
പറിച്ചു മാറ്റുവാൻ
പതറാതെ നിൽക്കുന്ന
സാവിത്രിബായ് ഫൂലെയാവുക,
അസ്വാതന്ത്യത്തിന്റെ
മുരൾച്ച കേൾക്കുമ്പോൾ
ഭയന്നു
പിന്നിലേയ്ക്കോടിയൊളിക്കാത്ത
ധീര ഘോര ശബ്ദമാവുക
വീരമാതംഗിനി ഹസ്രയാവുക,
ഉടയാടത്തലപ്പുകൾ
പറിച്ചെടുക്കുവാൻ
ലഹരി രാക്ഷസർ
പരക്കെ പായുമ്പോൾ ,
എതിർത്തു നീയൊരു
പെൺ സിംഹ
ബിക്കാജി കാമയാവുക,
നിയമ നിർമ്മാണം
നേർക്കു വന്നൊരു
കടും നെറുംകേടിനു
വളമടിഞ്ഞാടിയാൽ ,
ഉറക്കെ നാവുയർത്തി
നീയൊരു
താരാറാണി ശ്രീ
വാസ്തവയാവുക,
നിന്റെ രണ്ടു കൈകൾക്കിരുവശം
ആയുധ പണിപ്പുര
ഉയർത്തു കെട്ടുക,
നിന്റെ രണ്ടു കാലുകൾക്കെതിർവശം
കൂർത്ത കല്ലുകൾ
പാകി മുളപ്പിയ്ക്കുക.
നിന്റെ മുലകൾക്കിടയിലായൊരു
പച്ച മുള്ളിൻ മുളക്കൊമ്പു നാട്ടുക,
നിന്റെ നാഭിയ്ക്കടിയിലായൊരു
തീ തടാകം വെച്ചു പിടിപ്പിക്കുക,
നിന്റെ തുടകൾക്കിടയിലായൊരു
അഗ്നിപർവ്വതം വെച്ചു നാട്ടുക.
നിന്റെ ഉടലിന്റെ മൃദുതമൊക്കെയും
പാറക്കല്ലുകളായ് പരിണമപ്പിക്കുക.
നിന്റെ കണ്ണുകൾ തീ പന്തമാക്കുക,
നിന്റെ പല്ലുകൾ ദംഷ്ട്രമാക്കുക,
നിന്റെ ചുണ്ടുകൾ കഠാരയാക്കുക,
നിന്നെ നീയൊരു പോരാളിയാക്കുക,
പെണുടലിന് വില പറഞ്ഞോടുന്ന
നഗര വീഥികൾ എരിച്ചു കളയുക.
പെൺനിറം കണ്ടാൽ പതറിയോടുന്ന
ബ്രന്മരെ പോലെ
ആൺ രാക്ഷസ നിഴലുകളൊക്കെയും
മണ്ണിൽ പതിച്ചു കളയുക,
ഇവിടെ നീയേ നിനക്കുള്ളൂ രക്ഷ,
ഇവിടെ നിൻ കുലസ്ത്രീകളെ ശത്രു,
ഇവിടമാകെ പെൺ മൃതിയുടെ ഘോഷം ,
ഇവിടമാകെ നഗ്ന താടനം മാത്രം ,
മരിച്ചു വീഴും വരേയ്ക്കും
നിങ്ങൾക്കായ്
പൊരുതിയാടുക
പൊൻ മക്കളെ നിങ്ങൾ ,
രക്ഷയില്ലാത്ത
ലോകത്ത്
മറ്റെന്തു ചൊല്ലുവാൻ
ഈ പെൺകവിയായ
ഞാനും ….