രചന : സജീവൻ പി തട്ടേക്കാട് ✍
മിഴികൾമുത്തുമണി
തുള്ളിച്ചിട്ടത്….
നൊമ്പരങ്ങളെ
കിടത്തിയുറക്കിയ
പ്ളാറ്റ്ഫോമിലേക്കായിരുന്നു
പിണക്കവും ഇണക്കവും
മൗനവും വിഷാദവും
ചുടുചുംബനത്തിൻ്റെ
പൊള്ളുന്ന കനല്കളും
സമയത്തെ ശപിക്കുന്ന
നിമിഷത്തിൻ്റെ ധ്വനികളും
എല്ലാം ഗ്രസിച്ച… പാവം
പ്ലാറ്റ്ഫോം……
ഗാഢമായ് പുണരുന്ന വേളയിൽ
മുഖങ്ങളിൽ…. നിഴലിച്ചത്
വിടചൊല്ലലിൻ്റെ നൊമ്പരത്തിനും
സന്തോഷത്തിനും നിറം ഒന്നു മാത്രം
അടർന്ന് വീണ ഇലകളുടെ വർണ്ണം
മനുഷ്യനായാലും..ചെടികളായാലും
അടരുമ്പോൾ..വിളറിയനിറമല്ലോ…
ഇന്നലെ പെയ്ത് തീരാതെ
പോയ മഴയുടെ ബാക്കി…
ഇന്ന് പെയ്ത് തോരട്ടെ
മഴ വീണ്ടും മിഴികളിൽ..
ചാറ്റലായ്പെയ്തു…
ചൂളംവിളിയായിഞ്ഞെത്തി
മലപാമ്പ്….. ദഹിക്കാത്തതെന്തോ
വിഴുങ്ങിയ മാതിരിയിഴയലിൽ
കാണാമതിൻ വേഗത….
അരുണവർണ്ണമറിഞ്ഞപ്പോൾ
നിന്നു നിശ്ചലം….
അല്പമാത്രയിൽ പലമുഖങ്ങളിൽ
വിറയാർന്ന പുഞ്ചിരി
വിതമ്പലാകുമീ,..
രസമാറ്റങ്ങളായ്…
ഹരിതവർണ്ണം മിഴിതുറക്കവെ
ത്വരിതവേഗത കൈകൊണ്ട്
മുഖരിതങ്ങളായ്ചൂളംവിളിക-
ളൊടുവിൽ നിശ്ശബ്ദമാകവെ
നിത്യ കാഴ്ചകൾ കണ്ടു നരവന്ന
പ്ലാറ്റ്ഫോമോർത്ത് പോയ്…
ഒരു വിടപറയലിൻ്റ
“ചമയ മുഖങ്ങളെ”
ആശതീരില്ലൊരിക്കലും
ആശക്ക് കൂട്ടിനായ്
പ്രതീക്ഷകളുണ്ടല്ലോ…
ഓർമ്മകൾക്ക് .. ജീവൻപകർന്നിടാം
ഓമനിക്കാമിനിതിരികെ
വരവിലെനാളുകയോർത്ത്…
