രചന : മേരി കുഞ്ഞു ✍
കൊച്ചാപ്പേട്ടന്
മക്കളൊമ്പതും
ആങ്കുട്ട്യോള്
പത്താമതും
അന്നമ്മേടത്തി പെറ്റു
അതും ആണ്.
അമ്മ ആണു പെറുമ്പൊ –
ളപ്പന് പറയാവതല്ല മതി
പെറ്റതെന്ന്.
നാട്ടുപ്രമാണമാണത് !
കഞ്ഞിയ്ക്കരിക്കായ്
കൊച്ചാപ്പേട്ടൻ
ചവിട്ടിക്കൂട്ടി തുന്നൽ
മെഷീൻ രാവും പകലും.
മൂത്തവൻ അന്തോണി
നീന്തിനീന്തി
കരയ്ക്കു കേറി
ലോകാകെ യുദ്ധാണ്
അത് ഭാഗ്യായി
ചെക്കന് പണികിട്ടി
പട്ടാളത്തിൽ
ലീവിലെത്തുമ്പോഴൊക്കെ
പട്ടാളത്തെ ഒന്നു
തൊട്ടുനോക്കാൻ
ചുറ്റിലും നിരന്ന
കുട്ടിക്കൂട്ടത്തോടവൻ
പറഞ്ഞു
രസക്കഥകളൊരായിരം.
അങ്ങു ദൂരേ വടക്ക്
മഞ്ഞ് ആകാശം മുട്ടേ
പൊങ്ങി നിക്കണ
പർവ്വതം ണ്ട് ത്രെ
അതിൻ്റെ ചോട്ടിൽ
തെക്കോർത്തുണ്ട്
ഒരു ഊര്
കാശ്മീര്
അവിടത്തെ ആണും
പെണ്ണും ചോന്ന
പർങ്ക്യാങ്ങ പോലെ
തുടുത്തിട്ടാത്രെ !
അവറ്റ്ങ്ങ്ള്ക്ക് മ്മ്ടത്ര
തണ്ക്കില്ല.
ഐസ്പൊട്ടിച്ചെടുത്ത്
മേലൊരച്ചിട്ടാ
പൊഴേല് കുളിക്ക്യാ ത്രെ.
അത് പുളു
അല്ലാ….. ചെലപ്പൊ
അങ്ങനെത്തന്നെ
യാവാനും മതി…….
പട്ടാളപ്പിള്ളേര്
കവാത്ത് നടക്കും ത്രെ
പെണ്ണുങ്ങടെ
കുളിക്കടവത്തൂടെ
ചെലര് മൂളിപ്പാട്ടുപാടും
അവറ്റോള് ഐസ് പൊട്ടിച്ചെറിയും
കുഞ്ഞാലൻ്റെ ഐസ് പെട്ടീന്ന്
ഒരു കഷണം ഐസ് കിട്ടാൻ
രണ്ടുക്കാല് കൊടുക്കണം
എന്താ അത്ഭുതം
അവിടെ
ഐസിൻ്റെ മല
റോട്ടിലും നല്ല ഒന്നാന്തരം ഐസ്.
വേണ്ട്വോളം കിട്ടും ത്രെ
അതും വെറ്തെ……
കാറ്റടങ്ങിയ രാത്രീല്
ചുട്ടെരിയണ നേരത്ത്
കുഞ്ഞു മേരി
വെറുതെ കൊതിക്കും
കാശ്മീരില് ഒരീസം
പോണംന്നും ഐസിൻ്റെ
പൊഴേല് നീന്തി
മുങ്ങാം കുഴീട്ട്
കളിക്കണംന്നും
മത്യാവണവരെ
ഐസ് കറമുറെകടിച്ച്
തിന്നണംന്നും
കുഞ്ഞൂര് മഴക്കാലത്ത്
ഭാഗ്യം ണ്ട് ച്ചാൽ
ആലിപ്പഴം പൊഴിയും
ഓടിപ്പോയി പെറുക്ക്യാലും
ദാ… ന്ന് പറേമ്പഴക്കും
അതൊക്കെ വെറും ഒരു
നനവായി മാറും
അവടെ അവര്
കൊഴമഞ്ഞോണ്ട്
പന്ത്ണ്ടാക്കി ഏറ്പന്ത്
കളിക്കുംത്രെ
ഇനി പ്പൊ ഫുട്ബോളും
കളിക്ക്യേരിക്കും……
കേക്കാൻ നിൽക്കണ
കൂട്ടത്തിലെപെങ്കുട്ട്യോള്
മതി നൊണക്കഥാന്നും ചൊല്ലി
ഓടിപ്പോവും.
എന്നാലും കാതോർക്കും.
തുടരും അന്തോണി
പിന്നെയും ഐസ്കഥ
തണ്പ്പ് മൂക്കണ
കാലത്താ കഷ്ടം ത്രെ!
ഒഴിക്കണ മൂത്രൊക്കെ
വടിയായ്ട്ടങ്ങനെ നീളത്തില്
വായൂല് നിൽക്കും ത്രെ!
ഒടിച്ചെടുത്തെറിയണം ത്രെ!
വളർന്നു വലുതായിട്ടും
മാഞ്ഞുപോയില്ലോർമ്മയിൽ
കൊച്ചന്തോണി
പടച്ചുവിട്ട മൂത്രവടിയുടെ
നുണത്തിളക്കം ……
