കണ്ഠകോടാലിയായൊരു കള്ളൻ
കണ്ടിടം തോറും കയറി ഇറങ്ങി
കണ്ണിലുണ്ണിയായിരുന്നൊരുകാലം
കലങ്ങി തെളിയാനതു നേരായി.

കടുവയേ പോലെ കനപ്പിച്ചിരുന്ന്
കരളുറപ്പോടെ നെഞ്ച് വിരിച്ചവൻ
കല്ലെറിയുന്നോരേയാട്ടിയെതിർത്ത്
കൊമ്പും കുലുക്കും കൊമ്പനേപ്പോൽ .

കണ്ടാലാരും ഭയന്ന് വിറയ്ക്കും
കാലിൽ വീഴും കലി പൂണ്ടാലോ
കാളരാത്രിയിൽ അലഞ്ഞ് നടന്ന്
കാലനേ പോലും ഭയമില്ലെന്നായി.

കിടിലം കൊള്ളും കുടിലതയോടെ
കുടുക്കിൽ പെടുത്തും കുത്സിതനായി
കുതുകാൽ വെട്ടും കുസൃതികളും
കുത്തകയാക്കിയ കുരുട്ടുവിദ്യകൾ.

കള്ളൻ പകലോ മാന്യനേ പോലെ
കളസവുമിട്ടു ഞെളിഞ്ഞ് നടന്ന്
കൂരിരിട്ടിൽ കുത്തി കവർന്നവൻ
കിട്ടിയതൊക്കെ കീശയിലാക്കി.

കെട്ടും മട്ടും കണ്ടാൽ കേമൻ
കൈനനയാതെ മീൻ പിടച്ചവൻ
കൈയടക്കിയ മുതലെല്ലാമേ
കോൾമയിർകൊള്ളുംതലമുറക്ക്.

കെട്ടിപ്പടുത്തൊരു കോട്ടയിലായി
കിടിലം കൊള്ളും രാജാധികാരി
കീഴ്മേൽ മറിയും എതിരുകളന്ത്യം
കൊട്ടി പാടും അണിസേവകരായി.

കാർക്കോടകനായിസ്ഥിതിമാറവേ
കൊല്ലാനായും മടിയില്ലാത്തവൻ
കാടുകെട്ടുംകർമ്മമായുധമേന്തി
കണ്ണും മൂക്കും ഇല്ലാ കൊലയാളി.

കൂറു പുലർത്തും അടവുമെടുത്ത്
കയറുന്നിടമോ കുത്തി കവരാൻ
കൈവശമുള്ള ഗോഗ്വാ വിളിയാൽ
കൊല്ലാകൊലയായി ഭയപ്പെടുത്തും.

കണ്ടാലാരും മുണ്ടഴിച്ച് വണങ്ങും
കാലേ വീഴും സ്തുതിപാഠകരാകും
കെട്ടും മട്ടും മാറിയ വമ്പാലങ്ങനെ
കേമനായൊരു കൊള്ളക്കാരൻ.

കാലം മാറവേ കോലവും മാറി
കൂറുള്ളവരെല്ലാം റാനും മൂളി
കെടാവിളക്കെന്നാർത്തു വിളിച്ചു
കൊല്ലും രാജന് തിന്നും മന്ത്രിയും.

കള്ളൻ പോയൊരു പെണ്ണു കെട്ടി
കിട്ടിയ പെണ്ണും കള്ളനേ പോലെ
കുതിരയെ പോലവൾ ചാടി നടന്ന്
കൊള്ളി വയ്ക്കാൻ മടിയില്ലാതെ.

കോലം കെട്ടും കള്ളനും പെണ്ണിനും
കാലം പോകെ മക്കൾ രണ്ടായി
കോറം തികഞ്ഞൊരു കള്ളക്കൂട്ടം
കയറിയിറങ്ങുന്നിടം കട്ടു മുടിച്ചു.

ക്രൂരന്മാരാണെന്നറിയാമെങ്കിലും
കള്ളനെതിരായിയണിനിരക്കാൻ
കൊള്ളില്ലാരേം ;നട്ടല്ലില്ലാത്തവർ
കുഴിച്ചു മൂടാൻ ആരുണ്ടിവിടെ?

കുശുകുശുക്കും ചെവിതീറ്റക്കാർ
കെടുകാര്യസ്ഥതയുടെകുറ്റിച്ചൂലായി
കള്ളനുംകുടുംബവുമെനിയുംഭരിക്കും
കഴിവുള്ളവരാരുണ്ടിവിടെ ചോദിക്കാൻ ?

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *