എൻ്റെ ചങ്കിലെ നീലവാന
ഛായയിൽ പാറും
പൊന്നരിവാൾ തുന്നിവെച്ചൊരു
ചെങ്കൊടിപ്പാടം
മണ്ണുകീറിയതിൽ വിതയ്ക്കും
മോചനവിത്തിൽ
സാർവലൗകിക സ്വപ്നചിന്ത –
യ്ക്കാശയം വിളയും
തുടലണിഞ്ഞു മരിച്ചമാനവ
രോദനക്കാറ്റിൽ
എരിയുമോമൽച്ചുടലപാടും
തീഷ്ണവാക്യങ്ങൾ
പലസ്വരങ്ങൾ മുഷ്ടിവാനിലു-
യർത്തിയാർക്കുമ്പോൾ
ഒരുമയും, സമരപ്പെരുമ്പറ
കൊട്ടിയേറുന്നു
കദനകാലക്കടവിനോര-
ത്താശകൾ പെയ്താൽ
നിലവിളിപ്പുഴയാകെ ചോപ്പിൻ
തോണിയെത്തുന്നു
ഹൃദയമൊത്തു തുഴഞ്ഞു
നാടിന്നഴലിടച്ചിറകൾ
തകരുമുജ്ജ്വല
വിപ്ലവത്തിന്നലകളുയരുന്നു
അമരമാനവരധിനിവേശ-
ക്കാടുകൾ വെട്ടി-
പ്പൊരുതി മോചനവെട്ടമേന്തും
താരകം നേടി
പണിയെടുക്കോർക്കുലകി-
ലുത്സവനാളുകൾ നൽകി
സമതയെരിയും ജീവിതൗഷധം
വ്യാധികൾ നീക്കി
വിശ്വസാഹോദര്യചിന്ത-
യ്ക്കാമുഖം പാടി
തേങ്ങലിൽ തിരികെട്ടു-
പോകാതാൾമറ കെട്ടി
എരിയുമുദരവ്യഥയ്ക്കു
മീതേയശനമായ് പെയ്തും
ദുരിതരോഗക്കലിയെ
വെല്ലാൻ സിരകളിൽ പാഞ്ഞും
ദുരസനാതനവർണ്ണ ചിന്ത
വിഷങ്ങളോടിടയാൻ
ഉയിരുറച്ചടി വെച്ചു പായും
ചെങ്കൊടിച്ചന്തം
അശാന്തിയേന്തിയ മണ്ണിലാകെയു-
മോടിവന്നെത്തും
പ്രശാന്തിയുന്തി മനം നിറച്ചൊരു
സാന്ത്വനത്തെന്നൽ
മനോഹരം, മൃതി തോറ്റു പോയിടു-
മാശയപ്പൊക്കം
സുമോഹനം സ്മൃതിയിൽ തിളങ്ങുക
മാർക്സിസം വിശ്വം
🔺ഷാഫിക്കവിതകൾ

By ivayana

Leave a Reply

Your email address will not be published. Required fields are marked *