വീടിൻ്റെ പിറകുവശത്ത്
ഒരുകാലത്തൊരു
മണൽക്കുന്നുണ്ടായിരുന്നു.,
അതിൻ്റെ ഓരത്തായി ഒരീറ്റക്കാടും.
മരിച്ചതിൻ്റെ പിറ്റേദിവസം
അമ്മൂമ്മ ഈറ്റ വെട്ടാൻ പോയപ്പോൾ
ഈറ്റക്കാട്ടിൽ നിന്ന്
ഒരുവൾ കുട്ടയും മുറവുമായി ഇറങ്ങിവന്നു.
അവരിരുവരും
ജീവിതവും മരണവുമെന്ന് പേരിട്ട്
ആ കാടിനു ചുറ്റും
പകലും രാത്രിയുമായി.
ജീവിതത്തിന് മൂന്നും
മരണത്തിന് മുപ്പതുമെന്ന കണക്ക്
അവരുടെ സ്വപ്നങ്ങളെയെണ്ണി.
പകൽ മുഴുവനും ഈറ്റക്കാടിന് ചുറ്റും
അവർ പല പെണ്ണുങ്ങളുടെ രൂപത്തിലും മണത്തിലും
അലഞ്ഞു നടന്നു.
ഈറ്റപ്പൊളി കണക്കെ
സ്വയം പിളർന്ന്
ചീകി ചീകി മൂർച്ച കൂട്ടി
തിരിഞ്ഞും മറിഞ്ഞും കിടന്ന്
അവർ പരസ്പരം ഉടലുനെയ്തു.
അവർ നെയ്ത
കൊട്ടയും മുറവും വട്ടിയുമൊക്കെ
പുലരുമ്പോൾ
നാലു ദിക്കിലേയ്ക്കും
യാത്ര പോകും.
എല്ലാ തുലാമഴയത്തും
അവരുടെ കുഞ്ഞുമക്കളുമായി
ഈറ്റക്കുന്ന് കയറും.
മുടി ചീകിയും
കണ്ണെഴുതിയും
മറുകു കുത്തിയും
അവർ കുഞ്ഞുങ്ങളെയൊരുക്കും.
ജീവിതമെന്നത്
കെട്ടുകഥയാണെന്നും
മരണമാണ് സത്യമെന്നും
അവർ കുഞ്ഞുങ്ങളെ
പഠിപ്പിക്കും.
പോകെപ്പോകെ മണൽക്കുന്നിന് ചുറ്റും
ഈറ്റക്കാടുകൾ പെരുകി
ഈറ്റവെട്ടാൻ കുന്നു കയറിയവരാരും
തിരികെ പോകാതായി.
പിന്നീട് പിന്നീട്
അവരെ കാണുമ്പോഴൊക്കെ
മുഖം കുനിച്ച് കടന്നുപോകുന്ന
കാറ്റാണ് നാടാകെ പറഞ്ഞത്
ഇവരുടെ മുറുക്കാത്തുപ്പലുവീണ്
ഈറ്റക്കുന്നാകെ
ചുവന്ന കഥ.

വാക്കനൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *