രചന : മേരികുഞ്ഞു ✍
അന്നൊരിക്കൽ
അല്പം മാറിയേകാന്തത്തിൽ
റെയിൽവേസ്റ്റേഷനിൽ
ഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,
അമ്പരന്നുപോയ് …
ഇതസംഭവ്യമായ കാഴ്ച്ച;
സാഗര ഗർജ്ജനങ്ങൾക്കായ് –
കാതു കൂർപ്പിച്ചിരിക്കും ജന
സഹസ്രത്തിൻ നടുവിലേ –
അഴീക്കോട് മാഷിൻ നേർത്ത
ഗംഭീരാകാരം പതിവായ്
കാണപ്പെടാറുള്ളൂ
യാത്രയെങ്ങോട്ടാണു മാഷേ ….
എന്നെന്റെ ചോദ്യം കേട്ട്
ചിന്താകാശത്തു നിന്നിറങ്ങി
വന്ന മാഷ് കൈചൂണ്ടി…
ഇതാ ….. ഇന്നിടംവരെ …
നിങ്ങളോ … എന്നാരായവേ ,
ഹിമാലയത്തോളമെന്നു
കേട്ടമ്പരന്നൂ മാഷ്.
എത്ര നാളത്തേക്കെന്ന് മാഷ്.
പത്തു നാളത്തേയ്ക്കു – മാത്രമെന്നു –
കേട്ട് വീണ്ടുമമ്പരന്നൂ മാഷ്
നിമിഷങ്ങൾ
നിരാരവം തലതാഴ്ത്തി
നടന്നകന്നുപോയ്.
തളർന്നെന്നപോൽ
പിന്നെ
ഒരു കുഞ്ഞു നിമന്ത്രണം….
അപ്പോഴത്രയ്ക്കേ ഉള്ളൂ
ഹിമാലയം ഇന്ന് അല്ലേ ….
മാഷിന് ഹിമാലയം
മഹാത്മജ്ഞാനാ-
ഭിഗന്താക്കൾ
സഞ്ചാരപഥം തേടും ഭൂമിക.
ഗൗരീശങ്കരത്തിന്നാസ്ഥാനം.
ശിവജടയിൽ പതിച്ച
ഗഗനചാരിയാം ഗംഗ തൻ
മഹാരവം
മുഴങ്ങുമൊരിടം.
കാലത്തിൻ
ഇളവേൽക്കാത്ത മഹാ
പ്രണയ സുന്ദര
സന്ദേശങ്ങളൊക്കെയും
അനശ്വരതയിലേക്കു
കുറിച്ചയച്ച
യക്ഷനും
കുബേര കിങ്കരന്മാരും
വിലസിടുമിടം.
ചക്രവാകങ്ങളിറങ്ങും
മാനസസരോവര –
ത്തിരകൾചന്ദ്ര-
കിരണങ്ങളേറ്റു
വജ്രമായ്
തിളങ്ങുന്നോരിടം
കാളിദാസ ഭാവന
ചിറകുകൾ വീശിയ
വിസ്മയാകാശത്തിൻ
കാവ്യശോഭയാർന്നൊരിടം.
ഉപനിഷത്തുക്കൾക്കു
പിറന്നുവീഴാനുള്ളിടം.
അവിടെയാണ് കൈലാസം,
മർത്യഗന്ധമിനിയുമേശാതെ
പലവർണ്ണത്തിൽ
തെളിഞ്ഞും മറഞ്ഞും
മഹോജ്ജ്വല –
ജ്വാലയണിഞ്ഞും
വിളങ്ങിടുമിടം.
പാവം മാഷ്.
ഇന്നെന്റെ
ഹിമാലയ യാത്ര
മാഷിന്റെ
ഗൗരീശങ്കര സങ്കല്പ
സ്വഛസ്ഫടികാകാരം
തകർക്കും ബോംബു പോൽ
വീണുവോ എന്നൊരങ്കലാപ്പിൽ
ഇനിയും വന്നെത്താത്ത
വണ്ടിയെപ്പഴിച്ചു ഞാൻ
ദൂരെ ദൂരേക്കു മിഴിയും
പാകി ശബ്ദമറ്റ്
നിന്ന നില്പിൽ നിന്നു പോയ്

