രചന : സഫീല തെന്നൂർ ✍
യുദ്ധ വീഥിതൻ തെരുവിലായ്
തേങ്ങി കരയുന്നു പിഞ്ചുബാല്യങ്ങൾ.
നിഷ്കള ബാല്യത്തിൽ നൊമ്പരമായി
നഷ്ടമാകുന്നു കൂടെപ്പിറപ്പുകൾ.
നഷ്ടപ്പെടലിൻ നൊമ്പരത്തിൽ
നേരറിയാതെ തേങ്ങിടുന്നു.
യുദ്ധം വിതച്ചൊരാ കൊടും ഭീതിയിൽ
അംഗവൈകല്യങ്ങൾ കൊണ്ടുന്നിറയ്ക്കുന്നു.
ഇഷ്ടങ്ങളായി നിന്നൊരു ബാല്യത്തിൽ
ഇന്നിതാ നഷ്ടങ്ങൾ കൊണ്ടു നിറഞ്ഞിടുന്നു.
എന്തെന്നറിയാതെ ശബ്ദം മുഴങ്ങുന്നു
ബോംബുകൾ പൊട്ടിത്തെറിച്ച് വീഴുന്നു.
വീടുകൾ ചിന്നിച്ചിതറി വീഴുന്നു
ജീവനായി ജീവതുടിപ്പുകൾ കേഴുന്നു..
ആരൊക്കെയോ മരിച്ചുവീഴുന്നു
ആരവഭീതിയിൽ ഓടിയെ മറയുന്നു.
എന്തെന്നറിയാതെ എന്തിനെന്നറിയാതെ
ഭീകരതാണ്ഡവ മാടിടുന്നു.
അന്ത്യശാസനത്തിൻ പ്രകമ്പനം മുഴങ്ങുന്നു
അച്ഛനും അമ്മയും യുദ്ധക്കെടുതിക്കിടയിൽ നഷ്ടമാകുന്നു.
നൊമ്പര കാഴ്ചകൾ കണ്ടുമടുത്തു
സങ്കടാ വീഥിയിൽ അനാഥരായ് മാറുന്നു.
ഉറ്റവർ ഉടയവർ നഷ്ടമാകുന്നു
ഉല്ലാസമെല്ലാം തകർന്നുപോകുന്നു.
പട്ടിണി കോലങ്ങളായ് മാറുന്നു ബാല്യങ്ങൾ
പശിയടക്കാൻ കഴിയാതെ തേങ്ങുന്നു വീഥികൾ…

