അന്ന്,
പടിഞ്ഞാറേക്കരയിലായിരുന്നു പുഴ.
പുഴക്ക് പച്ച നിറമായിരുന്നു.
പുഴ എന്നും നിറഞ്ഞൊഴുകി.
വശങ്ങളിൽ കണ്ടൽക്കാടുകളെ
ആഭരണമാക്കി പുഴ മദിച്ചൊഴുകി.
പുഴക്കിപ്പുറം ഉയർത്തിക്കെട്ടിയ
കാട്ടുകന്മതിലിനോടൊട്ടി നിരനിരയായി
തെങ്ങുകൾ ചാഞ്ഞ് വളർന്ന്
പുഴയിൽ തങ്ങളെക്കണ്ട് രസിച്ചു. മദിച്ചു.
പിന്നിൽ അടക്കാമരങ്ങൾക്കും,
ചോലവൃക്ഷങ്ങൾക്കും പിന്നിൽ
ഓടിട്ട വെള്ളച്ചുമരുകളോടുകൂടി
തറവാടുകൾ ഒളിച്ച് നിന്നു.
പുഴക്ക് മരപ്പാലം സേതുബന്ധനം തീർത്തു.
പുഴക്കപ്പുറം നെൽപ്പാടങ്ങൾ
അനന്തതയുടെ മഹാസമുദ്രമായി.
പച്ചപ്പിന്റെ അഹങ്കാരത്തോടെ പാടം
കിഴക്കൻ കാറ്റിൽ നർത്തകരായി.
സൂര്യന്റെ ഇളംകരങ്ങൾ പ്രഭാതങ്ങളിൽ
പാടത്തെ താലോചിച്ചു.
മധ്യാഹ്നങ്ങളിൽ സൂര്യൻ തീക്ഷ്ണമായി പ്രണയിച്ചു.
സായാഹ്നങ്ങളിലവൻ മഞ്ഞക്കംബളം മൂടി സാന്ത്വനമായി.
പാടത്തിനപ്പുറം പച്ചപ്പായൽ ഉമ്മ വെച്ച
കാട്ടുകന്മതിലുകൾക്കപ്പുറം തെങ്ങുകൾ ചാഞ്ഞ്
പാടത്തെ പ്രണയിച്ചു നിന്നു.
വടക്ക് തൊണ്ട് കയറ്റിറക്കങ്ങളായി,
കുണ്ടുകളും കുഴികളുമായി നീണ്ട് വളഞ്ഞൊഴുകി.
പച്ചപ്പായൽ ഒട്ടിനിന്ന കാട്ടുകന്മതിലുകൾ വശങ്ങളായി.
തൊണ്ടിലേക്ക് എത്തി നോക്കി
സ്വാഗതഗാനങ്ങളാലപിച്ച് മഞ്ഞക്കോളാമ്പി പൂക്കൾ,
ചുവന്ന കൊങ്ങിണിപ്പൂക്കൾ, നീലക്കദളിപ്പൂക്കൾ.
മതിലിന് പൊട്ടുകളായും,
കടുക്കനുകളുമായും മൂക്കൂറ്റിപ്പൂക്കൾ.
അപ്പുറം വൃക്ഷനിബിഡത മാനം തോട്ട് നിന്നു.
ഒളിച്ചുപ്പാർക്കുന്ന വിരളം വീടുകൾ. കുടിലുകൾ.
തൊണ്ട് കിഴക്കേക്കരയിലേക്ക് തുറന്നു.
വീടുകളായി, ഓഫീസുകളായി,
സ്ഥാപനങ്ങളായി.
ടാറിട്ട നിരത്തുകൾ തെക്കുവടക്കായി പാഞ്ഞങ്ങനെ…
നിലക്കാത്ത ഹുങ്കാരമായി വണ്ടികൾ ഒഴുകി.
കിഴക്കേക്കര പട്ടണമായിരമ്പി.
വീടുകൾ, കടകൾ, ഓഫീസുകൾ വിലസി.
തെരുവോരത്ത് കൂട്ടുകുടുംബമായി ശാഖോപശാഖകളും,
നിലക്കാതെ ആടിപ്പാടി രസിക്കുന്ന ഇലകളും,
പക്ഷികളുടെ സംഗീതക്കച്ചേരികളുമായൊരു പേരാൽ.
ഇന്ന്?
പുഴ വരണ്ടു.
പാടങ്ങളെ മറവിയുടെ മഷിത്തണ്ടുകളാൽ
ആരോ മായ്ച്ചു.
തെങ്ങുകൾ, അടക്കാമരങ്ങൾ, ചോലവൃക്ഷങ്ങൾ
മറവിയുടെ മഞ്ഞുമലക്കപ്പുറം മരവിച്ചു.
തറവാടുകൾ പുറപ്പെട്ട് പോയി.
ടാറിട്ട റോഡായി മാറിയ തൊണ്ട്.
കാലത്തിന്റെ പ്രഹരത്തിൽ കാട്ടുകന്മതിലുകളിടിഞ്ഞുവീണു.
ആകാശം നോക്കി വെല്ലുവിളിക്കുന്ന
കോൺക്രീറ്റ് മതിലുകളും,
കോൺക്രീറ്റ് സൗധങ്ങളും ഉയർന്നു.
മാഞ്ഞുപോയ കോളാമ്പിപ്പൂക്കളും,
കൊങ്ങിണിപ്പൂക്കളും, കദളിപ്പൂക്കളും,
മുക്കൂറ്റിപ്പൂക്കളും കാശിക്ക് പോയി.
വനനിബിഡത മാഞ്ഞ് ഊഷരമായി.
അറക്കമില്ലിലേക്ക് നടന്ന് പോയി
ആത്മഹത്യ ചെയ്ത പേരാൽ.
വികസനത്തിന്റെ നാൾവഴികളിൽ
ഇനിയും മായാനിരിക്കുന്ന ചിത്രങ്ങൾ
എന്തോക്കെയാണാവോ…..

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *