ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

വേലി ചുറ്റിപ്പിടിച്ച
വള്ളി പോലൊരാളുണ്ടായിരുന്നു.
വിത്തുറക്കും മുൻപെ
എന്നെ കളഞ്ഞിട്ടു പോയവൻ.
പക്ഷേ എൻ്റെ
നെഞ്ചിലൊരു വേര് ബാക്കി വച്ചു.
അവനൊന്നാമൻ.
കൂട്ടത്തിൽ,
ഞങ്ങൾ പ്രേമത്തിലാണെന്ന
ഖ്യാതി പരത്തി,
അവൻ്റേതാണെന്ന് വരുത്തി
ബെഞ്ചിൽ പേരു കോറിയിട്ട്
ഇടക്കെന്നെ ഒളിഞ്ഞു നോക്കി
പ്രണയം പറയാതെ പോയ
രണ്ടാമൻ.
നിന്നെയെനിക്കു വേണമെന്ന്
ആണയിട്ടു പറഞ്ഞെന്നെ
വിട്ടു പോവാതെ,
കാൻ്റീനിലെ ചായയും
വാകത്തണലും
പകുത്തു തന്നവൻ
മൂന്നാമൻ.
നാലാമനെ ഞാനിന്നേ വരെ
കണ്ടിട്ടില്ല,
ശീതക്കാറ്റു പോലെ
പെരുത്തിരിക്കുമ്പോഴൊക്കെ
അവനെന്നെ
അക്ഷരങ്ങൾ കൊണ്ട് ശ്വാസം മുട്ടിക്കും,
ഞാൻ കുതറിയോടും.
അഞ്ചാമൻ
എനിക്കു പ്രിയപ്പെട്ടവനായിരുന്നു
രാവന്തിയോളം എൻ്റെ കഥകളുടെ
കൂട്ടിരിപ്പുകാരൻ,
ഞാനവനെ കൂടപ്പിറപ്പേയെന്ന്
വിളിച്ചപ്പോൾ,
കണ്ണുനിറച്ചെൻ്റെ നെറ്റിയിൽ മുത്തി
കലങ്ങിയിറങ്ങിപ്പോയി.
അക്കങ്ങളുടെ ഏറ്റക്കുറച്ചിലുകൾ
ചില മുഖങ്ങൾ നെഞ്ചിൽ
തെളിച്ചമില്ലാതിനിയുമുണ്ട്,
എന്നിട്ടും എനിക്കാരോടും
പ്രേമമില്ലായിരുന്നു,
ഒന്നാമനോടല്ലാതെ……
മറന്നു വച്ച വേരിനറ്റം ,
മുളപൊട്ടി എൻ്റെ കാലങ്ങൾക്കും
നെഞ്ചിനും മീതെ
നിനക്കു മാത്രം കാണാൻ പാകത്തിൽ
ഇന്നുമുണ്ട്.
ജീവിതം ചുറ്റിക്കണ്ട്
വീണ്ടുമിങ്ങനെ
തൊട്ടിരിക്കുമ്പോൾ
നീയതറിയുന്നുണ്ട്,
ഞാനും….!

വാക്കനൽ

By ivayana