രചന : രാജു വിജയൻ ✍
എനിക്ക് നീയെന്റേതു മാത്രം..
ഇനിയെപ്പോഴും,
എനിക്കു നീയെൻ സ്വരം മാത്രം..!
ഒരു നൂറു ജന്മങ്ങളരികിലുണ്ടാകിലും
മടിയാത്ത കുളിർ കൂട്ടു മാത്രം… നീയെൻ
മടിയാത്ത കുളിർ കൂട്ടു മാത്രം…!
എനിക്കു നീയെന്നുമെൻ
ഒരു നാളുമടയാത്ത,
കനിവിൻ മിഴിപ്പൂവ് മാത്രം…!
കനിവിൻ മിഴിപ്പൂവു മാത്രം…!!
ഏതുത്സവത്തിരക്കാളിപ്പടർന്നാലും
നീയെൻ തിരക്കണ്ണു മാത്രം…!
നീയെൻ തിരക്കണ്ണ് മാത്രം….!!
ഏതുഷ്ണരാവിലും തനു കുടഞ്ഞീടുന്ന
രാപ്പനി തായ്മൊഴി മാത്രം…!നീ
രാപ്പനി തായ്മൊഴി മാത്രം…!!
ഏതുറക്കത്തിലും
മിഴിവോടെ തെളിയുന്ന
നിറമുള്ള തളിർ മുഖം മാത്രം… നീ
സുഖമുള്ള തെളിമുഖം മാത്രം….!
എനിക്കു നീ നീയല്ല
ഞാൻ തന്നെയാണെന്റെ
വിങ്ങുമിടനെഞ്ചു മാത്രം…. നീയെൻ
വിങ്ങുമിടനെഞ്ചു മാത്രം….!
എനിക്കു നീയെന്റേതു മാത്രം…
എനിക്കു നീയെന്റേതു മാത്രം…
ഇനിയെപ്പോഴും…,
നീയെൻ സിരച്ചാല് മാത്രം….!
നീയെൻ സിരച്ചാലു മാത്രം…!!
