പ്രണയത്തിന്റെ തുടലഴിച്ച്
കാർഡ് ബോർഡ് പെട്ടിയിലടച്ച്
അവളെന്നെ തെരുവിൽ തള്ളിയ
പകൽ മുതൽക്കാണ് ഞാൻ ഞാനായത്.
‘ദുർബലർക്ക് അവരെത്തന്നെ
അലക്കിയെടുക്കാനുള്ള കല്ലല്ലാതെ
മറ്റെന്താണ് പ്രേമം?’എന്നു
പ്രണയ കവിതകളെ വെറുത്തു.
“സിനിമകളിലെ രതിരംഗങ്ങൾ
എത്ര ജുഗുപ്ത്സാവഹം “
രഹസ്യമായി ഞാനവ പലവട്ടം
കണ്ടെന്നത് ആരറിയാനാണ്.
തോളോട് തോൾ ചേർന്നു നടക്കുന്ന
കൊച്ചാൺകുട്ടികളുടെയും
പെൺകുട്ടികളുടെയും നേർക്ക്
മാലിന്യം വലിച്ചെറിയാൻ
എനിക്കിപ്പോൾ കഴിയും
ഇണ ചേരുന്ന ശലഭങ്ങളെ
കല്ലുകൊണ്ട് ചതയ്ക്കാനും
ഒന്നിച്ചോടുന്ന തെരുവ്നായ്ക്കളിലൊന്നിനു മേൽ
വണ്ടി ചക്രം കയറ്റാനും
മനസ്സാക്ഷികുത്തൊന്നുമില്ല.
സ്ത്രീകളെ പുലഭ്യം പറയുന്നതും
ഹോട്ടലിൽ വിളമ്പുകാരുടെ മേൽ
സാമ്പാർ ഒഴിക്കുന്നതും
ഹാ, ലഹരിയായി തീർന്നിരിക്കുന്നു.
കുട്ടികളെ ബോംബിട്ട് കൊല്ലുന്ന
രാജ്യങ്ങളെ പുകഴ്ത്തിയും
എന്റെ മതത്തിൽ പെടാത്തവരെ
തീവച്ചു കൊല്ലാൻ ആഹ്വാനം
ചെയ്തും നേരം പോക്കുന്നു
ഇന്നലെ അനുവാദമില്ലാതെ
ചുണ്ടിൽ ഇറ്റിയ ചുംബനമേ…
ഞാൻ കുരിശേറ്റപ്പെട്ടിരിക്കുന്നു.
പിതാവേ…ഈ പ്രേമപാത്രം
തിരിച്ചെടുക്കേണമേ…

വാക്കനൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *