രചന : ബിനു. ആർ✍
പ്രണയം തീമഴയായ് പെയ്തൊരുനാൾ
പ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,
നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതം
നിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്.
ആകാശക്കോണിലായ് അന്നുനീ വന്നുനിന്നു
ആശാമരം പോലൊരുപവിഴമല്ലി പൂച്ചെടി
കാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ല
കന്നിയായ് വളർന്നൊരു കന്യകാമരം.
നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻ
നാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരം
പൂവായ് വരും കായായ് വരും നറുമണമാവും
പൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.
നീവന്നു നിന്നു നറുചിരിചിരിച്ചപ്പോൾ
ഞാൻ കണ്ടതവിടെയൊരു ഗന്ധർവ്വൻ,
ഞാനെന്നു നിനച്ചുനീ സ്വപ്നത്തേരിലേറി,
അല്ലെന്നറിഞ്ഞപ്പോൾ മൂകമായ് തേങ്ങി.
