രചന : മംഗളൻ. എസ് ✍.
തുലാമേഘമേ കുളിർ കൊണ്ടുവരൂ നീ
തുടികൊട്ടുമായ് തുള്ളിയാടി വരൂ നീ
തുമ്പകൾ പൂത്തുനിൽക്കുമീ വഴിനീളേ |
തുമ്പികൾ നൃത്തമാടുമീവഴി നീവാ..
കാലവർഷക്കെടുതികൾവരുത്തിവെക്കാതെ
കാനനത്തിലുരുൾ പൊട്ടാൻ ഹേതുവാകാതെ
കാട്ടാറ് കരകവിയാനിടവരുത്താതെ
കാടുകളും കുന്നുകളുമെടുത്തു പോകാതെ..
കാമിനിയെ കാത്തിവിടെ ഞാനിരിപ്പുണ്ടേ
കാലിലെ കൊലുസ്സുനാദം കാതിലെത്തേണം
കാതടയ്ക്കുമുച്ചത്തിൽ ഇടിവെട്ടിക്കല്ലേ
കാമിനിതൻ പദചലനമാസ്വദിക്കണ്ടേ..
കാൽനനവോടെയവൾ കയറി വരേണം
കാഞ്ചനക്കൊലുസ്സുരണ്ടുമിളകിയാടണം
കാമിനി പ്രണയാർദ്രയായെൻ വീടണയവേ
കാറ്റുവന്നുപൂമുഖത്തെ വാതിൽ ചാരേണം..
പൂനിലാമെൻമുറിയിലെ പട്ടുമെത്തയിൽ
പൂക്കൾ വിതറുന്നൊരീ മദന രാത്രിയിൽ
പൂർണ്ണചന്ദനെ മറച്ചിരുൾ പടർത്തല്ലേ
പൂങ്കിനാക്കളാകെയും തമസ്സിലാക്കല്ലേ..
