എനിക്ക്,
പ്രിയപ്പെട്ടവനേ
എന്ന തുടക്കമോടയക്കുന്ന
കത്തു കൈപ്പറ്റാൻ
വിലാസമുള്ളൊരുവന്റെ
പ്രണയമാണ് വേണ്ടത്.
എന്ന്
നിന്റെ സ്വന്തം.
ചുടുചുംബനങ്ങളെന്ന്
നിർത്തുമ്പോൾ
തൊണ്ട നനഞ്ഞിറങ്ങുന്ന
ഒരു ഉമ്മ
അയാൾ
നെഞ്ചേറ്റണം.
ഇടയ്ക്കിടയ്ക്ക് ഞാൻ
എന്റവനേ
എന്നുറപ്പിച്ചെഴുതിയത്
നിന്റേതെന്ന്
പുഞ്ചിരിച്ചയാൾ
മാറോടണയ്ക്കുന്നത്
അലക്കിയ തുണി
പിഴിഞ്ഞുണക്കുമ്പോഴും
ഇവിടെയറിയണമെനിക്ക്.
ഈ നിമിഷവും
നിന്റെ നെഞ്ചുരോമങ്ങളിൽ
എന്റെ വിരലുവണ്ടി
ഉരുളുകയാണെന്നു ഞാൻ
വിറച്ചുകൊണ്ട്
എഴുതിയിട്ടുണ്ടെന്നറിഞ്ഞ്
കത്തെത്തുന്ന
നാലാം നാളിലുമയാൾ
കോരിത്തരിക്കണം.
രണ്ടാം പേറിന്റെ
വയറും ഞാൻ
മെനക്കെട്ടു കുറക്കുന്നു
എന്നെഴുതിയ
അവസാനവരി
വായിച്ചു നിർത്തുമ്പോൾ
അയാൾ
നഗരത്തിരക്കിലെ
വാടകമുറിയിൽ
തളർന്നുകിടക്കുന്ന എന്റെ
കാൽവിരലുകളിലേക്ക്
വെളുത്ത വിരിപ മൂടിയിട്ട്
ഒരു പ്രേമലേഖനം
വായിച്ചിറക്കിയെന്ന്
വിയർപ്പോടെ എന്നിലേക്ക്
ചേർന്നുകിടക്കണം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *