രചന : ഠ ഹരിശങ്കരനശോകൻ✍.
സന്തുഷ്ടരായ സുഹൃത്തുക്കളേ,
ദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ,
ദുരിതങ്ങളെ കാത്തിരിയ്ക്കാതെ
ദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ.
സന്തോഷത്തിൻ്റെ വിരുന്നുമുറികളിൽ നിന്നും
നിങ്ങളെ പ്രലോഭിപ്പിക്കുന്നൊരു ദുഖത്തെയെങ്കിലും
കണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടാവില്ല.
ആ ദുഖവുമായൊരു നേർത്ത കാൽപനികബന്ധം
നെയ്തെടുക്കുന്നതും ഒരു ബുദ്ധിമുട്ടാവില്ല.
ബുദ്ധിമുട്ടാവില്ലെങ്കിൽ മേലെ ഏകാന്തതയുടെ
മട്ടുപ്പാവിലേക്ക് കൂടെ പോരുന്നൊ…
എന്ന് ചോദിച്ചാൽ കൂടെ പോരുന്നത്
സന്തോഷത്തിൻ്റെ വിരുന്നുമുറികളിലെ
ദുഖങ്ങൾക്കും ഒരു ബുദ്ധിമുട്ടാവില്ല.
വിരുന്നുസൽക്കാരത്തിൻ്റെ കോലാഹലങ്ങൾക്ക് ചുറ്റും
രാത്രിയുടെ ചീവീടുകൾ ഒച്ചയിട്ടാർക്കുമ്പൊൾ
ആ ദുഖത്തോട് ചേർന്നും പടർന്നും അടർന്നും
ഉറങ്ങാതെ കിടന്നും ഇരുന്നും നടന്നും
മതിയാവുവോളം ദുഖിയ്ക്കുന്നതിലൊരു ബുദ്ധിമുട്ടും
ആരും വിചാരിക്കേണ്ടതില്ല,
വെറുതെ നാണമില്ലാതെ ദുഖിയ്ക്കുക,
ദുഖിച്ച് ദുഖിച്ച് ദുഖിതരാവുക.
സന്തുഷ്ടരായ സുഹൃത്തുക്കളേ,
ദുഖിയ്ക്കണമെങ്കിൽ ദുരിതങ്ങളെ
കാത്തിരിയ്ക്കാതെ സന്തുഷ്ടരായിരിക്കെ തന്നെ ദുഖിയ്ക്കുക.
ദുരിതകാലങ്ങളിൽ ജീവിതം ശരിപ്പെടുത്തുന്നതിൻ്റെ
തിക്കിലും തിരക്കിലും ദുഖിയ്ക്കുവാനൊന്നും
തീരെ സമയമുണ്ടായെന്ന് വരില്ല.
