രചന : സതി സുധാകരൻ ✍.
ബാല്യകാലത്തിലെ മധുരമുള്ളോർമ്മകൾ
എൻമനതാരിലൂടൊഴുകിയെത്തി
ചിതറിത്തെറിക്കുന്ന ചേമ്പിലത്താളിലെ
മഴത്തുള്ളി കണ്ടു ഞാൻ നോക്കി നിന്നു
വെട്ടിത്തിളങ്ങുന്ന മുത്തുമണികളെ
ചേമ്പിലക്കുമ്പിലാക്കി ഞാനും
ഓരോ മഴത്തുള്ളി വന്നുവീഴുമ്പോഴും
എൻ മനമാകെ കുളിരണിഞ്ഞു
മുറ്റത്തെ ചെമ്പകച്ചോട്ടിലെ മുല്ലയിൽ
കോരിയൊഴിച്ചു ഞാൻ നീർമണികൾ
മുല്ലയും പൂത്തു വസന്തം വിരിയിച്ചു
കണ്ണിനു കൗതുകമായി പിന്നെ
ചന്തം തികഞ്ഞൊരു പെണ്ണിനെ കണ്ടിട്ട്
കാമുകനായൊരു വണ്ടുമെത്തി
മൂളിപ്പാട്ടുo പാടിനടന്നവൻ
പൂമുല്ലച്ചെടികൾക്കിടയിലൂടെ
കണ്ടു കൊതിച്ചൊരു മുല്ലപ്പൂമൊട്ടിനെ
പിച്ചിയെടുത്തു ഞാൻ മാലതീർത്തു
കണ്ണന്റെ മാറിലണിയുവാൻ നിന്നു
ശ്രീകോവിൽ തന്നുടെ തിരുനടയിൽ.

