രചന : തോമസ് കാവാലം.✍.
വസന്തംവന്നുഷസ്സാകെ വിരവോടു വർണ്ണമിട്ടു
സുഗന്ധത്താൽ നിറയുന്നു കേരളക്കര.
മലകളിൽ മലരുകൾ മരന്ദകമൊഴുക്കുമ്പോൾ
മലയാളം മൊഴിയട്ടെ കവിത പോലെ.
കൈരളിതൻ കരസ്പർശം കരളതിൽ കരുതീടും
തുരുതരാ മുത്തമിടും തിരകൾ പോലെ
ഒരുമയിൽ ചേതോഹരമൊഴുകിടും പുഴകളും
കരുതലായി നിന്നീടുന്നു സഹ്യശൃംഗവും.
കുയിൽപ്പാട്ടിൽ കുളിർകോരും കോടമഞ്ഞിൻ ഗ്രാമങ്ങളും
മയിലാടും മലയിലെ മാന്തോപ്പുകളും
മരതകപ്പട്ടുപോലെ മലകളും താഴ്വരയും
വരിയായി നിരക്കുന്നു കേരവൃന്ദവും.
നിരത്തുകൾ നിരന്തരം നീലാകാശഭംഗിപോലെ
സരിത്തുകൾ സുരഭില സ്വപ്നങ്ങൾ പോലെ
വിരളമാണെങ്കിൽപോലും
വികസനമെത്തിനോക്കും
കേരളത്തിൻ ചിരനേട്ടം അഭിമാനമാം.
കനിവുള്ളമനസ്സുകൾ കതിരോന്റെ രശ്മിപോലെ
കിനിയുന്നു നന്മ നീളെ കാലാകാലങ്ങൾ
മഹത്വത്തിൻ മുടിചൂടും മലനാടിൻ മനസ്സുകൾ
സഹവർത്തിത്വമിവർക്കി ന്നരുളീടുന്നു.
കടലലയിളക്കുന്ന ചിലമ്പൊലി നൃത്തമായി
കന്യകമാർ നടനത്താൽ സാർത്ഥകമാക്കൂ
തിറയാട്ടം, തുള്ളൽ,തെയ്യം, കഥകളി, മാർഗ്ഗംകളി
നിറവാർന്ന കലകളിൽ ശോഭിത ഭൂമി.
രാജ്യസ്നേഹം തുടിക്കുന്ന രജതമാം ചിന്തയാലെ
സജ്ജനങ്ങൾ ഒരുമയിൽ കഴിഞ്ഞീടുന്നു
സർവ്വേശപൂരിതമാം സരോപദേശങ്ങൾ നൽകി
സർവ്വസംഗത്യാഗികളാം
സന്യസ്തരുണ്ട്.
ശങ്കരാചാര്യർക്കൊപ്പം നാരായണഗുരുദേവൻ
ശ്രീപകർന്നുന്നതനാം ചാവറയച്ചൻ
എങ്ങിനെനാം മറക്കുമീ മഹാമേരു ഗുരുക്കളെ
ചങ്ങാതിമാരായവരാം ചിന്തകന്മാരെ.
ഉള്ളൂ,രാശാൻ,എഴുത്തച്ഛൻ,വള്ളത്തോളും,ചെറുശ്ശേരി
തുള്ളലുമായ് വന്നകവി കുഞ്ചൻനമ്പ്യാരും
ഉള്ളുകളെ കുളിർപ്പിച്ചും ഉള്ളം കയ്യിൽ ചേർത്തുവെച്ചു
വള്ളുവന്നാടുനൽകും സംസ്കാരങ്ങളും.
മനസ്സാലെ തൊഴുതീടാം മലർകുഞ്ചം വിടർത്തീടാം
മലയാളം ഉലകിനു മാതൃകയാകേ
മനതാരിൽ മനോഹരമിതുപോലെ മാറ്റെന്തുണ്ട്
മന്നിതിൽ മനുഷ്യർക്ക് മോക്ഷമായതാം.

