രചന : മംഗളൻ കുണ്ടറ ✍.
ഇത്ര പുണ്യം ഞാനെന്തു ചെയ്തിട്ടഹോ
ഇത്ര സുന്ദരീ നിന്നിൽ ജനിക്കുവാൻ!
എത്ര ജന്മമെനിക്കിനിയുണ്ടേലും
അത്രയും ജന്മം നിന്നിൽപ്പിറക്കണം
ഹരിത വർണ്ണ മനോജ്ഞം നിന്നുടെ
അരിയ മോഹന ശാലീന രൂപം
ഹൃത്തിലിത്രയിടം നേടാൻ മറ്റൊരു
വൃത്തിയേറും സ്വർഗ്ഗീയ തലമുണ്ടോ?
പച്ചപ്പട്ടുടയാടപോൽ നിന്നുടെ
മെച്ച വിളയേകും നെൽപ്പാടമൊക്കെ
ഉച്ചഭക്ഷണമേകുവാൻ നാടാകെ
മിച്ചധാന്യമോ നിന്നുടെ കരുതലും
മതമൈത്രിക്കു പേരുകേട്ടുള്ള നിൻ
മതമിതൊന്നല്ലോ മനുഷ്യത്വമെന്നത്
മനുജർ തുല്യരായ് വാഴണമെന്ന നിൻ
മനസ്സിൽ പണ്ടേയുറപ്പിച്ച തത്വമോ ?
പ്രാണനേക്കാളും സ്നേഹിച്ചൊരീ മണ്ണിൽ
പ്രണയമോടെ ജീവിച്ച മാനവർ
കേരളപ്പിറവി നാളിതൊന്നുണ്ടെന്നാൽ
കരളിലാപ്രേമ മന്ത്രമുരുവിടും.
