ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രാക്കുയിൽ പാടുന്നനേരത്തു ഞാനന്നു
രാവിനുകൂട്ടായി പോയനാളിൽ
രാമായണക്കിളികൂടൊന്നിൽ കണ്ടതു
രോമാഞ്ചമുണ്ടാകും രംഗമല്ലോ!

കൊച്ചരിച്ചുണ്ടിനാൽ കൊത്തിമിനിക്കിയും
പച്ചമരത്തിന്റെ പൂവിതളാൽ
പച്ചയിൽ മഞ്ഞയും ചേർന്നുള്ള പെൺകിളി
സ്വച്ഛമായി തീർത്തന്നു വീടൊരെണ്ണം.

ആറ്റുനോറ്റന്നവൾ ചേർത്തു വെച്ചുള്ളതാം
ഏറ്റം പ്രിയപ്പെട്ട മുട്ടകളിൽ
ചുറ്റുവാൻ ചുള്ളികൾ ചെമ്മേയടുക്കിയാ
മറ്റാരും കാണാതെ കൂട്ടിനുള്ളിൽ.

ഏറെനാളായില്ല പൊൻമക്കളാറുപേർ
മാറിന്റെ ചൂടിൽ വിരിഞ്ഞ നേരം
കാർകൊണ്ടമാനത്തു സൂര്യനുദിച്ചപോൽ
കൂറോടെയാക്കിളിയാമോദിച്ചു.

പാത്തുപതുങ്ങി വന്നെത്തി നോക്കീടുന്നു
പത്തിവിടർത്തിയ മൂർഖനതിൽ
പത്തായം പോലുള്ള കൊച്ചു കിളിക്കൂട്ടിൽ
പൂത്തമരത്തിന്റെ ശാഖയിലായ്.

തീറ്റതെരഞ്ഞങ്ങുപോയോരാ പെൺകിളി
ഒറ്റക്കുതിപ്പിനു വന്നുചേർന്നു
മുറ്റം വിഷപ്പല്ലു കൊത്തിപ്പറിച്ചവൾ
ചീറ്റും വിഷത്തിനെ കൊത്തി വീഴ്ത്തി.

എന്തൊരു ക്രൂരത!! എത്രയോ ഭീകരം!!
അന്ധനെപ്പോലെയുരഗമെത്തെ
സന്ധ്യയിൽ സങ്കടമാകുമാ സന്ധിയെ
സുന്ദരി പെൺകിളി സാർഥമാക്കി.!

തോമസ് കാവാലം

By ivayana