രചന : കെ.ആർ.സുരേന്ദ്രൻ ✍
നിറയും കൺതടങ്ങൾ,
അടരില്ല.
കടിച്ചമർത്തും
പിടയും പ്രാണവേദന.
നെഞ്ചൊടമർത്തും രോഷം,
വിഷാദം.
അഗ്നിപർവ്വതമായി പൊട്ടിത്തെറിക്കില്ല.
സഹനം കുരിശിലേറുന്നാളിൽ
പേക്കാറ്റായാഞ്ഞടിക്കും ഒരു നാൾ.
പേക്കാറ്റിന്റെ തുമ്പിക്കൈകൾ
മരങ്ങളെ പിഴുതെറിയും.
മേൽക്കൂരകൾ
ചരട് പൊട്ടിയ പട്ടങ്ങളായി പറക്കും.
പിളരും തെരുവുകൾ
പാതാളമാകും.
വാഹനങ്ങളുടെ തലകുത്തിമറിച്ചിലുകൾ
ആക്രോശമാകും.
നിസ്സഹായത ആൾരൂപങ്ങളായി
ജന്മമെടുക്കും.
ദേശം ഒരു പമ്പരമായി ചുറ്റിത്തിരിയും.
വിളക്കുമരങ്ങൾ
മറഞ്ഞിരിക്കും,
ദേശം ഇരുട്ടിൻ പുതപ്പായി മാറിയിരിക്കും.
ആകാശം
കറുത്ത കടലായി
ഇളകി മറിഞ്ഞിരിക്കും.
പരിഭ്രാന്തി എലിക്കുഞ്ഞുകളായി,
നെഞ്ചിടിച്ച്,
കൺമിഴിച്ച് വിറക്കും.
രോഷത്തിന്റെ കാൽച്ചവിട്ടേറ്റവ
മണ്ണിലമരും,
മണ്ണിലലയിയും.
മുടിയഴിച്ചലറുന്ന ഭ്രാന്തിയായി
പ്രചണ്ഡ വാതമായി താണ്ഡവമാടി,
തോരാത്ത കണ്ണീർ മഴയായി
ആർത്തലച്ച്,
ദേശം പ്രളയപയോധിയാകും.
കര കടലായി മഹാശൂന്യതയുടെ
അനന്തമായൊരു ക്യാൻവാസാകും.
സന്തതികളുടെ ഉദകക്രിയ നടത്തി
ഒടുവിൽ അവളൊരു
വലിയ തേങ്ങലായി മാറും…..

