രചന : ബിന്ദു അരുവിപ്പുറം✍️
മഴവിൽ ചാരുതയോടെ തെളിയും
നയനമനോഹരമെൻ നാട്!
സുന്ദരസുരഭിലകാഴ്ച്ചകൾ വിടരും
മധുരശ്രുതിയുടെ മലനാട്!
മഞ്ഞുപുതച്ചു കിടക്കും മലകൾ,
പാൽച്ചിരി തൂകും അരുവികളും
കതിരുകൾ ചൂടിയ വയലും പിന്നെ
പീലി വിടർത്തും മയിലുകളും.
കേരമരങ്ങൾ നിരയായ് തിങ്ങും
ഓലത്തുമ്പിൽ കുയിലുകളും
സുന്ദരിയവളൊരു നിറവായെന്നും
പൊന്നൊളി തൂകി വിളങ്ങീടും.
നാനാജാതിമതസ്ഥർ വസിയ്ക്കും
നന്മനിറഞ്ഞൊരു മലനാട്.
കലകൾക്കെല്ലാം വിളനിലമാകും
പ്രൗഢമനോഹരമിത്തീരം.
മലയാളത്തിൻ മഹിമകളോതും
ആഘോഷങ്ങൾ പലതുണ്ടാം.
ഉയിരായ് നെഞ്ചിൽ ചേർത്തൊരു ഭാഷ
കവിതകൾ വിരിയും മലയാളം.
നിനവധി കവികൾ കവിതകളെഴുതി
പെരുമ നിറഞ്ഞൊരു മലയാളം.
തെയ്യം തിറയും കൂത്തും കഥകളി,
നൃത്തം പലവിധമതികേമം!
ആർപ്പുവിളിയ്ക്കാം, കുരവയിടാ,മി-
ക്കേരളനാടിന്നഭിമാനം
മാനത്തോളമുയർത്തീടാം നൽ-
കേരളനാടിൻ സംസ്കാരം!
