സന്ധ്യയുടെ അന്ത്യരംഗത്തിൽ,
ദിനത്തിന്റെ ദീർഘശ്വാസം പോലെ
ആകാശം മന്ദമായി ഒതുങ്ങുന്നു.
മൗനത്തിന്റെ സാരംഗിയിൽ,
കുങ്കുമവർണ്ണത്തിന്റെ തീപ്പൊരികൾ
വെള്ളി മേഘങ്ങളിൽ വിളങ്ങുന്നു
അസ്തമയ കിരണങ്ങൾ
തൂവൽപോലെ ചിതറി,
ഭൂമിയിലെ ജീവചൈതന്യങ്ങളിൽ
മഞ്ഞഛായയായി ഒഴുകിപ്പടരുന്നു
മേഘങ്ങളുടെ മുറിവുകളിൽ നിന്ന്
ചോര ചിതറിയതു കണ്ടട്ടോ,
അന്തിവാനം
പൊള്ളുന്നൊരു മൗനത്തിൽ
ശ്വാസം പിടിച്ചു നിന്നു.
പെയ്തിറങ്ങുന്ന ഇരുട്ടിൽ
പറന്നകലുന്ന പക്ഷികളുടെ ശൂന്യത
വലിയൊരു സാക്ഷ്യചിത്രമായി
ആകാശത്തിന്റെ വൃത്താന്തം എഴുതുന്നു.
കരഞ്ഞു തളർന്ന കുഞ്ഞിനെപ്പോലെ
കറുത്ത മേഘങ്ങൾ ചായുന്നു,
ആഴങ്ങളിലെ വിലാപം കുടിച്ച്
ആകാശത്ത് ഉറങ്ങുന്നു.
നിഴലുകൾ നീണ്ടു പരന്നു,
ശവക്കല്ലറയുടെ മേൽക്കൂരപോലെ
ഭൂമിയെ പൊതിഞ്ഞു മറയ്ക്കുന്നു.
കാക്കകൾ വിലാപത്തോടെ
ആകാശത്തിന്റെ അനന്തതയിൽ
കറുത്ത പൊട്ടുകളായ് അകലുന്നു.
പതിഞ്ഞ കാറ്റിന്റെ കരങ്ങളാൽ
വൃക്ഷങ്ങൾ കരിമ്പടം പുതയ്ക്കുന്നു,
അതിൻ്റെ കരിഞ്ഞ ഇലകൾ
നിശബ്ദപ്രതിഷേധത്തോടെ
മണ്ണിന്റെ മാറിലേയ്ക്ക്
തളർന്ന് വീഴുന്നു.
പൊളിഞ്ഞ ക്ഷേത്രത്തിലെ
രക്തപാടുള്ള ശിലാമൂർത്തികളെപ്പോലെ,
അണഞ്ഞുതീരുന്ന അന്തിച്ചുവപ്പ്
കാലത്തിന്റെ തീർത്ഥാടനമായി
ആകാശത്തിന്റെ ഇരുണ്ട പുസ്തകത്തിൽ
പുതിയൊരു അധ്യായം എഴുതി തീർക്കുന്നു.
അതിന്റെ നീണ്ട വദനം,
വിഷാദം കുടിച്ച്,
ഉന്മാദഭാവമോടെ
അന്ധകാരത്തിന്റെ തോളിൽ ചേർന്ന്
മയങ്ങി നിൽക്കുന്നു.
രാത്രിയുടെ ഇരുണ്ട കരങ്ങളിൽ
സൂര്യന്റെ വിലാപം മുങ്ങുമ്പോൾ,
ഒരു പുതിയ പുലരി,
ദൂരെ,
ശബ്ദരഹിതമായൊരു പ്രതിജ്ഞപോലെ
അവനെ,കാത്തുനിൽക്കുന്നു.

ജോയ് പാലക്കമൂല

By ivayana

Leave a Reply

Your email address will not be published. Required fields are marked *