രചന : ബിനു. ആർ✍
ചുക്കിച്ചുളിയുന്നു കാലവും മോഹവും
ചുരുട്ടിയെറിയുന്നു,നീരുവറ്റിയ ഉപബോധങ്ങൾ
ചുക്കിലികൾ നിറഞ്ഞു വലിയുന്നു മനസ്സിലാകേയും
ചന്തം കുറുക്കിയപോൽ ചിന്തകൾ നിറഞ്ഞവർ,
ജന്മശിഷ്ടങ്ങളിൽ വരഞ്ഞുവരാത്തവർ
ജനിമൃതിയുടെ പുണ്ണ്യം നേടാത്തവർ
ജമന്തിപൂക്കളുടെ മണം തിരിച്ചറിയാത്തവർ
ജാലകത്തിന്നറ്റത്ത് ഉളിഞ്ഞുനോക്കുന്നവർ,
കാണുന്നില്ല,കാലത്തിൻ നിർവൃതിയില്ലായ്മ
കറുത്തവരണ്ട നിശീഥിനിക്കോലങ്ങൾ
കരകാണാക്കടലിലെ പുകച്ചുരുളുകൾ
കാലഭൈരവന്റെ തീഷ്ണനോട്ടങ്ങൾ.
സ്വപ്‌നങ്ങൾ പകച്ചുനില്ക്കും ഉറക്കത്തിൽ
സൗവർണരാശികൾ പോലും നിഴലനക്കങ്ങളാകവേ,
സുഗന്ധപകലുകൾ ഘനീഭവിച്ചു നിൽക്കുന്നു
ഗന്ധം നശിച്ച ഉണങ്ങിയമരം കാൺകെ.
