രചന : ബിന്ദു വിജയൻ, കടവല്ലൂർ ✍
സന്ധ്യാംബരത്തിന്റെ ചെങ്കനൽ കത്തുന്നൊ-
രഗ്നിനാളംപോലെയെന്റെ ശോഭ
വിപ്ലവം പൂക്കും ചുവപ്പിന്റെ ചാരുത
രക്തത്തിലുള്ളതാണെന്റെ ആഭ!
ധമനിയിൽ ഒഴുകുന്ന പുഴപോലെയെന്നുടെ
തനുവാകെയരുണാഭ പുരളുമ്പോഴും
ചെമ്പരത്തീ നീ മനോഹരിയാണെന്ന്
കാവ്യങ്ങളെത്രയോ പാടി.
പെണ്ണിനെ പെണ്ണാക്കി മാറ്റുന്നൊരടയാള –
വർണ്ണം ചുവപ്പുതാനല്ലോ
പെണ്ണിൻ മനസ്സിൻ
മൃദുലഭാവംപോലെ
മൃദുവിതൾ ചൂടി ഞാൻ നിൽപ്പൂ
ദേവനും ദേവിയ്ക്കും ഹാരമായ് മാറുമ്പോൾ
ദേവാംശമുണ്ടെനിക്കെന്നുതോന്നും
മഞ്ഞൾ പ്രസാദത്തിനൊപ്പമിരിക്കുമ്പോൾ
മഞ്ഞണിയുന്നു മനസ്സു നിത്യം.
പിന്നെന്തിനാളുകൾ ഭ്രാന്തിൻ പ്രതീകമായ്
എന്നെയും ചൂണ്ടി നിൽക്കുന്നു.
ഭ്രാന്തിയാണോ ഇനി ഞാനെന്നെനിക്കപ്പോൾ
തോന്നിയതെന്നുടെകുറ്റമാണോ?
ചങ്കു പിളർന്നാലുമുള്ളിലെന്നെ
കണ്ടുവെന്നാരോ നുണ പറഞ്ഞു
ചങ്കിനകത്തപ്പോൾ നോവും കിനാവുമെ-
ന്നോർക്കുന്നതേയില്ല ആരുമാരും.
