സ്വപ്നം കാണാൻ
ഭയപ്പെടുന്ന ചിലരുണ്ട്,
അതിലേക്ക് നടന്നെത്താനുള്ള
പാതയിൽ തഴച്ചുവളരുന്ന
നിസ്സഹായതയിലേക്കുള്ള
നീരൊഴുക്ക് തടയാനാകില്ലെന്നവർ
ചിന്തിക്കുന്നുണ്ട്…..
പ്രിയപ്പെട്ടവരോട് മിണ്ടാൻ
മനഃപൂർവ്വം മറക്കുന്ന ചിലരുണ്ട്,
വാക്കുകളുടെ കെട്ടിപ്പിടിക്കലിൽ
താനണിഞ്ഞേക്കുന്ന ധൈര്യത്തിന്റെ
പടച്ചട്ട അഴിഞ്ഞുവീണേക്കുമെന്നവർ
വിശ്വസിക്കുന്നുണ്ട്.
തന്നെ പ്രിയപ്പെട്ടതായി കരുതുന്ന
മനുഷ്യരെ ബോധപൂർവ്വം
അവഗണിക്കുന്ന ചിലരുണ്ട്,
സൗഹൃദങ്ങളോട് ഇടപെടുന്നതിലെ
തന്റെ സ്വഭാവത്തിന്റെ അനിശ്ചിതത്വം
അവരെ വേദനിപ്പിച്ചേക്കുമെന്നവർ
ഭയപ്പെടുന്നുണ്ട്,
പുത്തൻചിന്തകളെ അകറ്റിനിർത്താൻ
ബുദ്ധിമുട്ടുന്ന ചിലരുണ്ട്,
രക്തയോട്ടമില്ലാതെ,വേദനിപ്പിക്കുന്ന
ഞരമ്പുകളെ പോലുള്ള
ഓർമ്മകൾ മാഞ്ഞുപോകുമെന്നവർ
മനസ്സാൽ പരിതപിക്കുന്നുണ്ട്.
തിരക്കൈകൾ കെട്ടിപ്പിടിക്കുന്നത് പോലെ
പരസ്പരം സംസാരിച്ചിരുന്നവരോട്
മൗനം പാലിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്,
ഒരിക്കൽ വേദനയുടെ
മുള്ളുകൾ ആഴത്തിൽ തറഞ്ഞ
വേദനയുടെ രുചിയറിഞ്ഞതിനാൽ പിന്നെയും
അതിലേക്ക് നടന്നടുക്കാൻ ഭയപ്പെടുന്നുണ്ടവർ.
സാന്ത്വനചുംബനങ്ങളുടെ
നിശ്വാസത്തെ പടിക്ക്
പുറത്താക്കുന്ന ചിലരുണ്ട്,
എല്ലാവർക്കും സമ്മാനമായി നൽകാൻ
ആകെയുള്ള പുഞ്ചിരിയുടെ
മുഖംമൂടി പൊടിഞ്ഞ് വീണേക്കുമെന്നവർ
ഭയപ്പെടുന്നുണ്ട്…..!!
പുഞ്ചിരിയുടെ മറവിൽ
മൗനംകൊണ്ട് നോവിന്റെ ചിത്രമെഴുതുന്നവർക്കത്
മാത്രമാണല്ലോ ശേഷിക്കുന്നത്!!
നമ്മിൽ പലരുമുണ്ട്
ഈ ചിലരെപോലെയല്ലേ!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *