ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ചിലരെ മാത്രം കൈപിടിക്കുന്ന, ചേർത്തമർത്തുന്ന സ്നേഹത്തിന്റെ കൊടുങ്കാറ്റുണ്ട്. നമ്മുടെ ഉള്ളിലെ ഏതൊരു നൊമ്പരത്തെയും നിലനിന്നിരുന്നു എന്നൊരു അടയാളം പോലുമില്ലാതെ കട്ടെടുത്ത് തന്റെതാക്കുന്ന ഇഷ്ടങ്ങളുടെ കൊടുങ്കാറ്റ്!അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും അവഗണിക്കരുത്, വേദനിപ്പിക്കരുത്, വിട്ടുകളയരുത്.കാരണം നഷ്ടപ്പെടലുകൾ നൽകുന്നത് വിഷാദപക്ഷികളുടെ ചിറകടിയൊച്ചകൾ മാത്രമാണ്…..

വ്യക്തമായ സ്പേസ് നൽകുന്നിടത്ത്, ആര് വന്നാലും പോയാലും നമ്മുടെ സ്പേസ് നിലനിൽക്കും എന്ന് ഉറപ്പുള്ളിടത്ത് സ്‌നേഹം കുടികൊള്ളുന്നു.പരസ്പരം വിശ്വാസമില്ലാതെ ചാഞ്ചാടുന്ന മനസ്സുമായി ഒരാളെ ഓർക്കേണ്ടി വന്നാൽ അവരെ എന്നന്നേക്കുമായി അവഗണിക്കുക, അതാണ്‌ അവർക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.അതിനി സ്നേഹത്തിലായാലും പ്രണയത്തിലായാലും.
എന്റെ മനസ്സിലേക്കുള്ള വഴി വല്ലാതെ ഇടുങ്ങിയതാണ്, പെട്ടെന്ന് ആർക്കും കയറിവരാൻ പാകത്തിലല്ല അത്, എന്നാൽ കയറിവന്നാൽ അതൊരു ഒറ്റയടിപ്പാതയായി രൂപാന്തരപ്പെടും.താഴിട്ട് പൂട്ടി ആ താക്കോലുകൾ എറിഞ്ഞുകളയും,
കാരണം എപ്പോഴേലും പടിയിറക്കാൻ തോന്നിയാലോ!!ഇറങ്ങിപ്പോകാനാകാതെ ശ്വാസംമുട്ടി പിടഞ്ഞ് ഹൃദയത്തിന്റെ നാരുകൾ പിഴുതെടുത്താലും മുറിവുകളിലൂടെ രക്തം നിലയ്ക്കാതെ വാർന്നൊഴുകിയാലും ഇറക്കിവിടാനാകില്ല.
കാരണം സ്നേഹത്തിന്റെ താഴുകൾ കൊണ്ടായിരുന്നു അന്ന് ബന്ധിച്ചത് എന്നതുതന്നെ .മാത്രമല്ല നൽകിയ ഓർമ്മകളെ വേരോടെ പിഴുതെടുത്ത് കൊണ്ട് പോകാനവർക്കാകില്ലല്ലോ.!!

സ്നേഹത്തിന് വാശിയോ പകയോ ഒന്നുമില്ല.വേദനയിൽ പിടയുന്ന നെഞ്ചിടിപ്പുകൾ തൊട്ടെടുത്ത് സാന്ത്വനം നൽകാൻ കഴിയുന്ന ഒരാൾ നിങ്ങൾക്കുണ്ടെങ്കിൽ ജന്മം സഫലമാണ്.
എന്തൊക്കെ ചെയ്താലും സ്നേഹത്തിന്റെ നനുത്തകാറ്റ് വീശികൊണ്ട് പുഞ്ചിരിക്കുന്ന ചിലരുണ്ട്….. ചിലതുണ്ട്.അവരെ വേദനിപ്പിക്കുന്നത് അവർ അറിയുകപോലുമില്ല,കാരണം ഒരാളെ സ്വീകരിച്ചപ്പോൾ, സ്നേഹിച്ചപ്പോൾ ആ വേദനകളും കൂടെയാണ് അവർ ചേർത്തുപിടിച്ചത്. ഏത് തരം സ്നേഹത്തിന്റെയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയാൽ ഏറെ ഭാഗത്തും സ്ഥാനം പിടിച്ചിരിക്കുന്നത് വേദന തന്നെയാണ്!!

വന്നതൊക്കെ സ്നേഹത്തിന്റെ രത്നങ്ങളാണ്. ചിന്തകളുടെ തടവുകാരിയാണ് പലപ്പോഴും, പക്ഷേ അത് എന്റെ മാത്രം തീരുമാനങ്ങളാണ്,
ഉരുത്തിരിയുന്ന ബോദ്ധ്യങ്ങളാണ്. അത് 100%ശരിയാണ് എന്നൊന്നും പറയാനാകില്ല ചിലപ്പോൾ 10%പോലും ശരിയാകില്ല, എന്നിരുന്നാലും കരങ്ങൾക്കുള്ളിലെ രത്നങ്ങളെ തിരിച്ചറിയുന്നു, കല്ലെന്നു കരുതി എന്നന്നേക്കുമായി എറിഞ്ഞുകളയാൻ ഇരുട്ടിലല്ലല്ലോ ഞാനിരിക്കുന്നത്, തിരിച്ചറിവുകളുടെ വെളിച്ചത്തിന്റെ ഒത്ത നടുക്കല്ലേ!!

സഫി അലി താഹ.

By ivayana