ശിശിരമേ, കൈശോര
സ്മരണകളുണർത്തി
മുറ്റത്തെ കരിയില-
ക്കൂട്ടിൽ തീനാളമായി
വീണ്ടും വന്നുവല്ലോ നീ!
വാരുറ്റ വാസന്തത്തിൻ
മാരിവിൽപ്പൂ വാടിക
തീർക്കുവാൻ കരിമുകിൽ
മറുപിള്ള നീയിതാ!
ഇലയില്ലാച്ചില്ലയിൽ
തേൻ മലർക്കിളി, ചിറക്
പുതച്ച് മൗന ഭജന
വിറയാർന്നുരുക്കുന്നു!
നാട്ടു വഴിയിൽ നാടൻ
ചായപ്പീടികയ്ക്കുള്ളിൽ
കട്ടിപ്പുതപ്പ് കെട്ടുകൾ
ചുടു ചായയിൽ മുങ്ങി-
ക്കുതിർന്നു നിവരുന്നു!
ഇല വീഴും ശിശിരം
മറി കടന്നെങ്കിലേ
ഇതൾ വിരിയും ചൈത്രം
മതി മറപ്പിച്ചിടൂ!
മഞ്ഞിൻ പുടവ ചുറ്റി,
ഹർഷ ബാഷ്പവും തൂകി
മഞ്ജുളേ, നീയെത്തുമ്പോൾ
ഊഷ്മളമെനിക്കിന്നും
ബാല്യ സ്വപ്ന സന്നിഭ
കുളിർ സുപ്രഭാതങ്ങൾ! ♥️

പിറ വം തോംസൺ

By ivayana

Leave a Reply

Your email address will not be published. Required fields are marked *