രചന : ജയന്തി അരുൺ ✍.
ഭൂമിയിലെയേറ്റവും
വലിയ വെള്ളച്ചാട്ടവും
തോരാമഴയും
അമ്മയുടെ
കണ്ണുകളിൽനിന്ന്
കലങ്ങിക്കുത്തി
വീഴുന്നതുകണ്ട
ഒരു പെൺകുട്ടി
നിർത്താതെ
പെയ്യുന്ന മഴയെ
ഇടംകാലുകൊണ്ടുതട്ടി
കടലിലെറിഞ്ഞു.
അമ്മയ്‌ക്കൊപ്പം
നീയും നീന്തിക്കയറൂ
എന്നിടിവെട്ടിപ്പെയ്തു.
കർക്കടകപ്പെയ്ത്തിൽ
കൂലംകുത്തിയൊഴുകിയ
പെരിയാറിനോടുപൊരുതി
കരകയറ്റാൻ കയർകടിച്ചു
നീന്തിയൊഴുകിയമ്മ
അമ്മിണിപ്പയ്യിനൊപ്പം
ആദ്യമായിട്ടന്ന്
കടലു കണ്ടിട്ടുണ്ടാവുമോ?
ചേറിൽപുതച്ചമ്മയെ
പെരിയാറെടുത്തോ?
ആദ്യമായിന്ന്
കടലുകണ്ടവൾ
അമ്മയെമണത്തു,
അമ്മിണിയെ മണത്തു..
വിശപ്പും വേദനയും
പിണ്ഡതൈലവും മണത്തു,
പാലും ചാണകച്ചൂരും
പച്ചപ്പുല്ലും മണത്തു.
കാലിൽ പതഞ്ഞുകയറിയ
കടലിനെ തോണ്ടിയെറിഞ്ഞ്,
തീരത്തു കെട്ടഴിഞ്ഞു നടന്ന
പുള്ളിപ്പശുവിനെയവൾ
അമ്മേയെന്നു നീട്ടിവിളിച്ചു.
‘കടലുകണ്ടിരുന്നുവോ ?
നീലക്കടൽ കണ്ടിരുന്നുവോ?’
