കിഴക്കിന്റെ ശോഭ
പരത്തുന്നയർക്കൻ
വഴികാട്ടിടുന്നു
വിളക്കുമായ് നമ്മെ
ഉണർത്തുപാട്ടല്ലേ
കേൾക്കുന്നു മേലേ
കണികണ്ടുണരും
കൃഷീവലന്മാരാൽ.
ഘനശ്രാമമേഘം
വിതുമ്പുന്നു വിണ്ണിൽ
ഘനീഭവിക്കുന്നു
നിഹാരമായ് മണ്ണിൽ
മനം നൊന്തു ഭൂമി
വിതുമ്പുന്നു മൂകം
ദിനം പിറന്നെന്നു
വിളിച്ചോതി കേക.
മയിൽ പക്ഷിയാടും
മലഞ്ചെരിവാകെ
വയൽപൂക്കൾക്കൊപ്പം
വരവായ് പൂവാക
കുളിർ കോരിടുന്നു
കുയിൽനാദ രാഗം
വികാരാർദ്രമെങ്ങും
വെയിൽവന്നു വേഗം.
മനസ്സിന്റെയുള്ളിൽ
മധുവുള്ള സൂനം
മധുര പ്രതീക്ഷ
കുറുകുന്നു നൂനം
തമസ്സൊക്കെ മാറ്റി
വിലസ്സിയ മതിയും
തഴുകുന്നഴകിൽ
അലതൻ ശ്രുതിയിൽ.
വിളിക്കാതെയെത്തും
വിളക്കാണ് സൂര്യൻ
തെളിക്കുന്നു നമ്മെ
നേരായ വഴിയിൽ.
വിളക്കേറെ കെട്ടു
പോകിലും ചെമ്മേ
ഒളി പകരുന്നു
ഒടുങ്ങാത്ത മട്ടിൽ
മയിലാടും പോലെ
തമസ്സിനെ നീക്കി
വരും സൂര്യജ്യോതി
തിരശ്ശീല പൊക്കി
ഇലച്ചാർത്തിലൂടെ
സൂര്യാംശു വീഴെ
മലയാകെ മഞ്ഞിൽ
കുളിച്ചിങ്ങു താഴെ.
നിഴലെന്ന പോലെ
നടക്കുന്ന മർത്യർ
അഴലെല്ലാം മാറ്റി
അഴകാക്കുമെല്ലാം
വിരവോടു വർഷം
പതിക്കുന്നു ഹർഷം
ത്വരയോടൊഴുകി
ചേരുന്നു തരീഷേ.
പ്രേമാലിംഗനത്തിൽ
മുഴുകുന്ന ഭൃംഗം
പ്രഭാനികുഞ്ചത്തിൽ
കുടിക്കുന്നു പൂന്തേൻ
സുഗന്ധം പരത്തി
വിലസുന്നു വാതം
സുസ്മിതമോടെയും
സുരഭിലം കൈത.
മടുപ്പൊട്ടുമില്ലാ
തുടുക്കുന്നു വർണ്ണം
ഉടുപ്പിട്ട പോലെ
കടൽപ്പരപ്പോളം
ഇടനെഞ്ചിലാകെ
ഉഡുക്കെന്ന പോലെ
മിടിക്കും ഹൃതന്തം
ഒടുങ്ങാതെ ചന്തം.
ഇരുട്ടുപോയെങ്ങോ
മറഞ്ഞിടും നേരം
വരട്ടെയെൻ ചറ്റും
വിരവോടു വെട്ടം
തരട്ടതു കണ്ണിൽ
കരുണതൻ നോട്ടം
പുരട്ടുവാൻ ഹൃത്തിൽ
ചുരത്തട്ടെ സ്നേഹം.
ഉടലാകെയെന്നിൽ
സ്പുരിക്കും രോമാഞ്ചം
വിടരുന്ന പൂവിൽ
തുടിക്കുന്നു ദാഹം
കടലാഴമെന്നിൽ
പതിക്കുന്നു സ്നേഹം
ഉടയവനെ ഞാൻ
സ്മരിക്കുന്നു വേഗം.
വിശ്വത്തിനാകെയും
വിളക്കായയീശൻ
നശിക്കാതിരിക്കാൻ
നരന്നായി നൽകും
വെളിച്ചമതെത്ര
തെളിച്ചമുള്ളതാം
വിസ്മരിച്ചീടാമോ
വാസിതർ മർത്യർ.

തോമസ് കാവാലം

By ivayana

Leave a Reply

Your email address will not be published. Required fields are marked *