രചന : ദിവാകരൻ പികെ ✍
ഇത്തിരി പോന്നവനെങ്കിലും
ഒത്തിരി സ്വപ്‌നങ്ങൾ കണ്ടവൻഞാൻ.
ആഴക്കിണറിലെ തവളക്കുഞ്ഞിന്
ആഴിയെക്കുറിച്ചെന്തറിയാമെന്ന്,
മാലോകർതൻ പിറുപിറുക്കൽ
പലവട്ടം കാതിൽവന്നലയടിക്കെ,
മോഹങ്ങങ്ങൾക്കിന്നേവരെ
മങ്ങലൊട്ടുമെ വന്നതില്ല.
കുന്നോളം കണ്ട സ്വപ്നങ്ങളൊക്കെയും
കുന്നിക്കുരുപോൽ ചുരുങ്ങിയെന്നാകിലും
തളരാതെ കുതിക്കുവാൻ ഊർജ്ജം
പകരുന്നു വെട്ടിത്തിളങ്ങും ലക്ഷ്യ ബിന്ദു.
ലക്ഷ്യമില്ലാത്തവരുടെ ജീവിതയാത്രഅന്ധന്റെ
യാത്രപോൽ തപ്പിത്തടഞ്ഞാണെന്നറിയുന്നു.
മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുമെങ്കിൽ
മാർഗ്ഗമെന്നെ വഴിനടത്താതിരിക്കില്ല.
ഉള്ളിലെ അരുളപ്പാട് മുറുകെപ്പിടിച്ചു ഞാൻ
പൊരുതി മുന്നേറാൻ ശക്തി സംഭരിക്കുന്നു.
പലവട്ടംകുതിച്ച്തളർന്നവനെങ്കിലുംമെൻ
മോഹങ്ങളെതല്ലിത്തകർക്കുവാനനുവദിക്കില്ല.
വിജയത്തിൻ വെന്നിക്കൊടി പാറിക്കും
നിശ്ചയമൊരുനാളെന്നറിയുക.

