രചന : തോമസ് കാവാലം ✍
“എനിക്കുവേണമിന്നെന്റെ കാവൽ
തനിച്ചു പോകാനിടങ്ങൾ തോറും
നിനച്ചിരിക്കാതെവിടെനിന്നോ
എനിക്കെതിരെ ജനം വരവേ.
ഉറച്ചുനിൽക്കാനീമണ്ണിലെന്റെ
അറുത്തകാലും വിറച്ചിടുമ്പോൾ
നിറഞ്ഞകണ്ണീർക്കണങ്ങൾവീണു
മറഞ്ഞ മണ്ണിതറിഞ്ഞിടുമോ?”
കരുതിനമ്മളിരിയ്ക്കവേണം
കുരുതിചെയ്യും മനുഷ്യരെ നാം
മരണമില്ലാ മനുഷ്യരാണോ
തുരന്നുതിന്നാൻ വരുന്നമർത്യർ?
അസുരവിത്തു വിതച്ചനമ്മൾ
അസുഖമുള്ള സമൂഹമായി
ചിരിച്ചു നമ്മൾ ഒതുക്കിവെച്ചു
മരിച്ചശവം ഉറക്കറയിൽ.
നിറഞ്ഞുകത്തും മനസ്സിനുള്ളിൽ
മറഞ്ഞിരിക്കും തപമറിയാൻ
തണുത്തഹൃത്തിന്നുടമയായ
കഴുത്തറുക്കുവോരാരറിയാൻ?
സ്വതന്ത്രരായ വനിതകൾക്ക്
സ്തുതികൾചൊല്ലും സമർത്ഥരവർ
പാരതന്ത്ര്യപട്ടുമെത്തയതിൽ
പറിച്ചുകീറും മാനമവളിൻ
തുറിച്ചുനോക്കി പറിച്ചെടുത്തു
മറിച്ചുവിൽക്കും മാനമവളുടെ
തുറുപ്പുചീട്ടാം കറുത്ത കൈകൾ
പുറത്തുകാട്ടാനുറച്ചുനീങ്ങാം.

