വാര്യത്തെ വീട്ടീന്ന് പാലുകൊണ്ടരാന്നും
പറഞ്ഞ് സീജ നടക്കുമ്പോൾ
പിന്നാലെ നിഴലുകൂട്ട് സുമയും കൂടും..
സീജ തൂക്കാപാത്രം
കിരുകിരാ ഒച്ചയുണ്ടാക്കി കിലുക്കുമ്പം
വടക്കേക്കെട്ടീന്ന് രവി തകഴീടെ
പുസ്തകം മറിച്ചോണ്ട് ഇറങ്ങിവരും,
പരിചയം കാണിക്കാത്ത മട്ട്
ഓൻ മുന്നിൽ കേറി വേഗംനടക്കും..
വാര്യത്തെ വീട്ടിൽക്ക് തിരിയുന്ന
ഇടവഴി വരും,
സീജ അനങ്ങാൻ പറ്റാത്ത പോലെ
നിക്കും സുമ ചിരിക്കും
സീജേടെ കവിളിൽ നുള്ളും
രണ്ടാൾടെയും നുണക്കുഴി വിടരും
തൂക്കാപാത്രം സുമ കയ്യിൽ വാങ്ങും
ഇടവഴി തിരിയും..
രവി സീജേടെ കയ്യുംപിടിച്ച്
ആലിൻചോട്ടിൽക്ക് നടക്കും
പൊന്തമൂടിയ ഭാഗം നോക്കി
കേറിനിക്കും,
കെട്ടിപ്പിടിക്കും..
ഇന്നലെ വായിച്ച കഥയിലെ പെണ്ണിനും
നിൻ്റെ രൂപമായിരുന്നൂന്ന്
ഓൻ ചെവിയിൽ പറയും..
പരീക്ഷ പേപ്പറുമാതിരി നൂലുകെട്ടിയ
പ്രേമലേഖനം കുപ്പായത്തിന്റെയുള്ളിൽ
നിന്നെടുത്ത് രവിക്ക് നീട്ടും..
ഓനത് മൂക്കത്ത് വച്ച് മണം പിടിക്കും
ഓളെ നെഞ്ച് പിടക്കും,
ആലിൻ്റപ്പുറം തൂക്കാപാത്രം കിലുങ്ങും
സുമ വന്നെന്ന് പിടുത്തം കിട്ടും
ഇച്ഛരെ നേരം കൂടിന്ന്
പറഞ്ഞ് രവി കെഞ്ചും
സീജേടെ കുപ്പിവള കിലുങ്ങും
രവീൻ്റെ ചന്ദനതൈലം
കാറ്റിൽ കലരും..
ആലിൻ്റപ്പുറം ഗൗളി ചിലക്കും
സുമ നാണം വന്ന് തൂക്കാപാത്രം
മുറുക്കെ പിടിക്കും,
അപ്പുറത്തുള്ളോർക്ക്
നേരം പോണ വെളിവ് കൊടുക്കാൻ
മുരടനക്കും..
രവിയും സീജയും ഇപ്പുറം വരും
സുമ ഓരെ അടിമുടി നോക്കും
രവി കണ്ണിറുക്കി കുപ്പായച്ചുളിവ്
നീർത്തി വില്ലേജാപ്പീസിൻ്റെ വഴികേറും..
ആടിയുലഞ്ഞ ചേമ്പു പോലിരിക്കണ
സീജേടെ കോലം കണ്ട് സുമ
കൈത്തണ്ടക്ക് പിച്ചും,
ഗൗളി ചിലക്കണ ഒച്ച കേട്ടന്നും പറഞ്ഞ്
ഊറി ചിരിക്കും…
വീടെത്തിയാൽ സീജയും സുമയും
അയ്യോ പാവങ്ങളാവും
രവീൻ്റമ്മേൻ്റം പെറ്റമ്മേൻ്റെം
ഒപ്പമിരുന്ന് തെയ്യക്കഥ കേൾക്കും..
വൈരജാതൻ്റെ വാൾതട്ടിയാൽ
മരണം ഉറപ്പാണന്ന് കഥയിൽ
അടിവരയിട്ട് പറയും..
സീജേടെ തൊട്ടുമുന്നിൽ
ചാമുണ്ഡി തെയ്യം നിന്ന്
നാക്കു നീട്ടും…
വൈരജാതൻ വാളോങ്ങി ഓളെ
നേരെ വരണത് കണ്ട് കണ്ണിറുക്കിയടക്കും
ചോര ചൂടുപിടിക്കും പൊട്ടിവിയർക്കും
ഇപ്പം വരാന്നും പറഞ്ഞ് ഓൾ
അടുക്കള പുറത്തേക്ക് വലിയും
കിണറ്റിൽ തൊട്ടിയെറിഞ്ഞ്
കണ്ണടച്ച് നിക്കും തെയ്യം മായും..
രവീൻ്റെ മണം മൂക്ക് തുളക്കും
പ്രേമം നിറഞ്ഞു തുളുമ്പുന്നതോർത്ത്
രോമാഞ്ചം കൊള്ളും..
അന്തിപാതിരാക്ക്
കിടപ്പുമുറീൻ്റെ സാക്ഷയിടാതെ
രവീനോട് സ്നേഹം കാണിക്കും
തൊട്ടപ്രത്ത് ഉറങ്ങണ
സുമയെ ഉണർത്താതെ
ചുണ്ടത്ത് മുത്തം വാങ്ങാൻ
പമ്മിവരണ രവീൻ്റെ നൊസ്സിൻ്റെ
ആഴമറിയാതെ ഓൾ അടക്കി ചിരിക്കും..
സ്വത്തുംമുതലും പുറത്ത് പോവണ്ടല്ലോന്നും
സീജേനെ രവിക്ക് തന്നൂടേന്നും
പറഞ്ഞ് അമ്മമ്മ കൊടുത്ത
പാലക്കമാല അമ്മായി സീജേനെ
അണിയിച്ച് ബുദ്ധികാണിച്ചു,
വരണ ഓണപരീക്ഷ കഴിഞ്ഞുള്ള
അവധിക്ക് കൈപിടിക്കാൻ
നാൾ കണ്ടു..
തമ്മിലുള്ള ഉള്ളുകള്ളി പറയാണ്ട്
രവിയും സീജയും അടക്കമുള്ളോരായി..
ഓണപ്പരീക്ഷൻ്റെ മൂന്നാംനാൾ
പഠിപ്പിക്കണ കുട്ടി സീജേൻ്റെ
എണ്ണമയമുള്ള മുഖത്ത് തെളിഞ്ഞു വരണ വട്ടപ്പുള്ളി എന്താന്ന്
ചോദിച്ച് ഉത്തരം മുട്ടിച്ചു,
ഗ്യാസ് മുട്ടായി കൂട്ട് വട്ടത്തിലും
വെളുപ്പിലും അത് തെളിഞ്ഞു വരണത്
മഞ്ഞൾ തേച്ചും രക്തചന്ദനം
തേച്ചും ഓൾ ചെറുക്കാൻ നോക്കി,
ഇരുനിറക്കാരി പെണ്ണിൻ്റെ മോത്ത്
ഇംഗ്ലീഷ്കാരുടെ നിറത്തിൽ വട്ടപ്പൊട്ട് കനത്തുനിന്നു..
നാട്ടു വൈച്ചിയക്കാരും ഇംഗ്ലീഷ്
വൈച്ചിയക്കാരും
പെണ്ണിൻ വെള്ള പാണ്ടാണെന്നും
പറഞ്ഞ് കൈമലർത്തി,
അടുക്കളപ്പുറത്ത് അമ്മായി
മൗനമിരുന്നു
ഒടുക്കം കുടുക്ക പൊട്ടിച്ച് ഒച്ചപ്പാടുണ്ടാക്കി
പാണ്ടും ചൊറിയും കുടുംബത്തിൽ
കേറ്റാൻ കൊള്ളാത്ത സൂക്കേടാണെന്നും
സീജേടെ മോത്തിലെ വട്ടപ്പുള്ളി
ചേനമ്മൽ കാണണ വെള്ളനിറം കൂട്ട്
പടർന്നു കേറുമെന്നും
ഇൻ്റെ രവീ ഒരു പാവമല്ലേന്നും
ചോയ്ച്ച് മൂക്ക് ചീറ്റി..
സീജേടെ അച്ഛനും അമ്മയും
ദെണ്ണിച്ചിരുന്നു…
പെങ്ങളെ പിണക്കാണ്ടിരിക്കാൻ
രവിക്ക് സുമേനെ വെച്ചുനീട്ടി,
സീജ മിണ്ടാതെ ഉത്തരക്കടലാസിലെ
തെറ്റ് തിരഞ്ഞു,
ഉണ്ണാനിരുന്നപ്പോൾ അമ്മായി
പാലക്കമാലയിലെ കൊളുത്തഴിച്ചു
ഓളെ തീറ്റമുടക്കി,
സുമേടെ കഴുത്തിലെ തിളക്കം
സീജേടെ ചങ്ക് കലക്കി
മിണ്ടാതിരിക്കണ രവീൻ്റെ സ്നേഹത്തിൻ്റെ
ആഴം ചുങ്ങിവരണ ഉപ്പുമാങ്ങ
കൂട്ടാണെന്ന് കണ്ട്
ഓൾ കണ്ണിൽ തടയണ കെട്ടി,
കുട്ട്യോള പഠിപ്പിക്കാൻ മാത്രം
പിറന്നോളെന്ന മട്ടിൽ ചിരിച്ചു നിന്നു,
മറുത്തൊന്നും പറയാത്ത
ഉടപ്പിറപ്പിൻ്റെ ഉള്ള് കള്ളിയറിയാതെ
തരിച്ചു നിന്നു…
കല്ല്യാണ തലേന്ന് സുമ സീജയെ
ചായിപ്പിലേക്ക് വലിച്ചുനിർത്തി
ഗൗളി ചിലച്ചതല്ലാതെ വേറെ
ഒന്നുമില്ലല്ലോന്ന് പരുങ്ങി ചോദിച്ചു..
സീജ കണ്ണിറുക്കി,
എനിക്ക് മറവി രോഗമാണന്നും
രവിയെ എനിക്ക് അറിയ പോലുമില്ലെന്നും
ചിരിച്ചു പറഞ്ഞു…
പന്തലിൽ കൊരവയിട്ടപ്പോൾ
സീജേടെ മുന്നിൽ വീണ്ടും തെയ്യംനിന്നു,
വെള്ള പുതച്ചു കിടക്കണ ഉടലുകണ്ടു
വെള്ളനിറം പതഞ്ഞു പൊങ്ങി
കണ്ണു തുറന്നപ്പോൾ രവീൻ്റ കൈപിടിച്ച്
നിക്കണ സുമയെ കണ്ടു …
നെഞ്ചിനുള്ളിൽ തലവേദനിച്ചു
പന്തിക്കിരിക്കാതെ കല്ല്യാണം കൊണ്ടാടി,
രവീൻ്റെ മുറിയിലേക്ക് സുമേനെ കയറ്റി
വിടുന്നത് കണ്ട് നീലക്കുറുഞ്ഞി
പോലത്തെ ചിരി തുന്നി പിടിപ്പിച്ചു,
ആദ്യായ്ട്ട് മുറീടെ സാക്ഷയിട്ട്
കിടന്നു…
ഉറക്കം വരാത്തതിൻ്റെ
പൊരുളറിയാത്തതോണ്ട്
മാത്രം വെറുക്കെ കരഞ്ഞു…
ഉത്സവം കൊടിയേറി
കനലാട്ടമാടുന്ന തെയ്യത്തെ നോക്കി സീജ വിയർത്തു കുളിച്ചു,
തെയ്യം മുന്നിൽ വന്ന് കൈവിടൂലാന്നും
പറഞ്ഞ് ഉറഞ്ഞു തുള്ളി
ഓടിവരണ വൈരജാതൻ്റെ
വാൾമുന നോക്കി പിന്നാക്കം നടന്നു
ആലിൻചോട്ടിൽ കൂനിക്കൂടി
തേങ്ങിക്കരഞ്ഞു ..
രവീൻ്റെ ചന്ദന തൈലം മൂക്ക് തുളച്ചു
അമ്പലക്കുളത്തിൻ്റെ അരികിൽ നിന്ന്
ചുരുട്ട് കത്തിക്കണ രവീനെ
നോക്കി വീട്ടിലേക്ക് നടന്നു..
അമ്പലക്കുളത്തിൽ മുങ്ങി രവി ഒടുങ്ങി,
വൈരജാതന്റെ തട്ട് കിട്ടിയാൽ പിന്നെ
ആണ്ട് തികക്കൂലാന്ന്
പറയണത് നേരാണെന്ന് നാട്ടാര് പറഞ്ഞു,
രവി വെള്ള പുതച്ച് കിടന്നു..
കരഞ്ഞുരുളുന്ന
സുമയെ വെള്ളയുടുപ്പിക്കാൻ
സീജ മുന്നിൽ നിന്നു ..
ഓൾടെ കണ്ണിൽ മുഴുക്കെ വെള്ള
നിറഞ്ഞു ..
മോത്തിൽ നിന്ന വെള്ള പുള്ളിയിൽ
തൊട്ട് അടക്കി ചിരിച്ചു..
രവീന്റെ മേത്തിൽ കിടന്ന്
ഉറക്കെ ചിരിച്ചു
പിന്നേം ചിരിച്ചു..
ഓൾ ചിരിക്കാത്തപ്പം കാലിൽ കുരുക്കിയ
ചങ്ങല ചിരിച്ചു..
ഓള കണ്ണിലപ്പഴും വെള്ള നിറം
തെളിഞ്ഞു….
വെള്ളയിട്ട രവിയും തെളിഞ്ഞു,
നാൾ തികയും മുന്നേ സുമ മാത്രം
കളറു തിരഞ്ഞു
വെള്ള പുതച്ച രവീനെ മറന്നു
ബുദ്ധിയുള്ള മനുഷത്തിയായി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *