രചന : താഹാ ജമാൽ പായിപ്പാട് ✍
ഒരു ചങ്ങലയാൽ
നാക്കിനെ ബന്ധിയാക്കി
ശൂലത്താൽകാഴ്ചയെ അന്ധമാക്കി
കൂടംകൊണ്ട് സ്വപ്നത്തെ തല്ലിച്ചതച്ച്
അരംകൊണ്ട് പല്ലുകൾ രാകിപ്പത്തി
കാരമുളളുകൾ ചെവിയിലാഴ്ത്തി
അന്നനാളത്തിലേക്ക് വിഷം കുത്തിനിറച്ച്
എന്തിനാണെന്നെയീ തെരുവിൽ
കൊല്ലാൻ വെച്ചിരിക്കുന്നത്
അണയാറായ ഒരു തീയിലേക്ക്
എന്റെ ചോരയൊഴിച്ച്
തീ കായുന്ന നിനക്കരുകിൽ വിറങ്ങലിച്ച്
ഉറങ്ങാതിരിക്കുന്നത് എന്റെ അനുജത്തിയാണ്
അവളുടെ നിലവിളികേൾക്കാതെ
സ്വാതന്ത്രത്തെക്കുറിച്ച് പുലഭ്യം പറയുന്നതാരാണ്…?
ഞാനവളെ കണ്ടപ്പോൾ
അവൾക്ക് മുലകൾ ഉണ്ടായിരുന്നില്ല
അവളെപ്പങ്കുവെച്ചവർക്ക് ചെവികളും
അവയവങ്ങൾ നഷ്ടമായവർ തമ്മിൽ പിടിവലി
ഒരു പല്ലികുടി വാലുമുറിച്ചിട്ടും
ചൂലിനിരയായി
പാപത്തിന്റെ ശമ്പളം മരണം (ബൈബിൾ )
എന്നിട്ടും, കുമ്പസാരക്കൂടുകളിൽ
ശുദ്ധരായി നമ്മൾ , മലർക്കെ ചിരിച്ചു
അട്ടഹാസത്തിന്റെ ചുഴിവട്ടങ്ങളിൽപെടാതെ,
ചുറ്റികത്തലപ്പിന്റെ ചതുരമുറിയിൽപ്പെടാതെ,
ഒരു ന്യായാധിപനും പിടികൊടുക്കാതെ,
നാം വിലസി, വിലാസങ്ങളുള്ളോരുമായി.
ആത്മനിർവൃതിയുടെ നിഴൽത്തലപ്പിലൊരു
പുല്ലാങ്കുഴൽ സുക്ഷിരവാദ്യം പഠിക്കെ
ചാരത്തിൽ മൂടപ്പെട്ട ചരിത്രം
കാറ്റ് ഊതിത്തെളിക്കുമ്പോൾ
മൂടിവെക്കാൻ പാടുപെട്ടവരുടെ മുഖം
എണീറ്റ് നിന്ന് മുടന്ത് അഭിനയിക്കുന്നു.
