രചന : ഷാനവാസ് അമ്പാട്ട് ✍
എൻ്റെ മിഴികൾ ആരെ തിരഞ്ഞു
വീണ്ടും വീണ്ടും ആരെ തിരഞ്ഞു
എൻ്റെ കാതുകൾ ആരെ തിരഞ്ഞു
വീണ്ടും വീണ്ടും ആരെ തിരഞ്ഞു
വരില്ലെന്നറിഞ്ഞിട്ടും വന്നെങ്കിലെന്ന്
പ്രത്യാശയോടെ ഞാൻ ചുറ്റും തിരഞ്ഞു
അടഞ്ഞുപോയൊരെൻ നേത്രങ്ങൾക്കപ്പുറം
വെളിച്ചമായവൾ വന്നെങ്കിലെന്ന്.
വെറുപ്പ് നീങ്ങിയ അംഗുലം കൊണ്ടെൻ്റെ
ശിരസിൽ മെല്ലെ തൊട്ടെങ്കിലെന്ന്.
ഇനിയും തുറക്കാത്ത കാഴ്ചകൾ മുന്നിൽ
ഇനിയും വിടരാത്ത മൊട്ടുകൾ മുന്നിൽ
ഇനിയും ഇടർച്ച തൻ ഭാണ്ഡങ്ങളില്ല
ഇനിയും പതർച്ച തൻ തീക്കനലില്ല.
ഇനിയും കിതപ്പിൻ്റെ ഭാരങ്ങളില്ല
ഇനിയും വിയർപ്പിൻ്റെ ബാഷ്പങ്ങളില്ല
ഇവിടെ ഒടുങ്ങുന്നു ജീവൻ്റെ നോവ്
ഇവിടെ ഒടുങ്ങുന്നു ഹൃദയത്തിൻ വേവ്
മാത്രകൾക്കപ്പുറം മണ്ണിൽ ലയിക്കാം
ശ്വാസം നിലച്ചൊരെൻ പൊന്നിൻ കിനക്കൾ.
മണ്ണിൽ ലയിക്കാത്ത വാക്കുകളുണ്ടോ
മധുരമാം കയ്പിൻ്റെ വാസനയുണ്ടോ
മഴവില്ല് പൂക്കാത്ത വാനങ്ങളുണ്ടോ
മധുരമായ് പാടാത്ത കൂജനമുണ്ടോ
പാതി അടഞ്ഞൊരെൻ മിഴികൾക്കുമുന്നിൽ
അവസാനമായി നീ വന്നെങ്കിലെന്ന്,
അറിയാമെങ്കിലും ഓർക്കുന്നു ഞാനെൻ്റെ
പ്രത്യാശ പണിതൊരു ചില്ലു കൂടാരം
എൻ്റെ വഴികളിൽ ഇരുള് പടരവേ
എൻ്റെ മിഴികൾ ആരെ തിരഞ്ഞു
വിറയാർന്ന കാറ്റിൻ്റെ ചിറകുകളേറി
വിടപറയുന്നെൻ്റെ ആത്മ വിശ്വാസം
എൻ്റെ മിഴികൾ ആരേ തിരഞ്ഞു
വീണ്ടും വീണ്ടും ആരേ തിരഞ്ഞു..

